തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തില്‍ പ്രതിസന്ധിയെന്നത് വ്യാജപ്രചാരണമാണെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഓണക്കിറ്റുകള്‍ തായാറായെന്ന് മന്ത്രി പ്രതികരിച്ചു. വിതരണം കുറയാന്‍ കാരണം ആളുകള്‍ വാങ്ങാന്‍ വരാത്തത് ആണ് എന്നും മന്ത്രി പറഞ്ഞു. ഇ പോസ് മെഷീന്റെ സാങ്കേതിക പ്രശ്നം പരിഹിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കിറ്റ് വിതരണം ഇന്നും നാളെയുമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മില്‍മയില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കും. പായസം മിക്സിന് ക്ഷാമം ഉണ്ടെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മറ്റ് ബ്രാന്‍ഡുകള്‍ വാങ്ങാനാണ് തീരുമാനം. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്.
ഇന്ന് ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മലബാറില്‍ പലയിടങ്ങളിലും റേഷന്‍ കടകളിലേക്കുള്ള ഓണ കിറ്റുകള്‍ എത്തിയില്ല. ഇന്നലെ വൈകിട്ടോടെ കിറ്റുകള്‍ പൂര്‍ണമായും എത്തിക്കും എന്നായിരുന്നു റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ച വിവരം. ഇന്ന് കിറ്റുകള്‍ എത്തിക്കുമെന്ന് ഒടുവില്‍ വിവരം ലഭിച്ചതായി വ്യാപാരികള്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഇ പോസ് മെഷീനുകള്‍ തകരാറിലായതും ഓണക്കിറ്റ് വിതരണത്തില്‍ പ്രതിസന്ധിയാകുന്നുണ്ട്.