ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ രഥിന്‍ റോയ് രംഗത്ത്.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഥിന്‍ റോയിയുടെ കണ്ടെത്തല്‍.
സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലൂടെ ഇന്ത്യ ഭാവിയില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും രഥിന്‍ റോയ് പറയുന്നു. സാമ്പത്തിക വിദഗ്ദന്‍ കൂടിയായ രഥിന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടര്‍ കൂടിയാണ്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് ഇപ്പോള്‍ പരമാവധിയിലെത്തി നില്‍ക്കുകയാണെന്ന് രഥിന്‍ റോയ് പറയുന്നു. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നും രഥിന്‍ റോയ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പോലെയാകാതെ ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് സാദ്ധ്യതയെന്നും രഥിന്‍ റോയ് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിയെ സാമ്പത്തിക വിദഗ്ദര്‍ മിഡില്‍ ഇന്‍കം ട്രാപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിന്‍ റോയ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പ്രതിസന്ധി രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും, ഇന്ത്യയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്രത്തില്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി രാജ്യത്തിന് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം രഥിന്‍ റോയിയുടെ ഈ മുന്നറിയിപ്പ് ഏറെ ആശങ്കയോടെയാണ് ഇന്ത്യന്‍ ബിസിനസുകാര്‍ കാണുന്നത്. ഇത്തരത്തിലൊരു പ്രതിസന്ധി നേരിട്ടാല്‍ ഇനി ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം ഇന്ത്യയിലെ പകുതിയിലേറെ ബിസിനസുകള്‍ക്കും പൂട്ടുവീഴുമെന്നാണ് പലരുടെയും കണക്കു കൂട്ടല്‍.