മിലാന്‍: 2019-20 സീസണില്‍ സീരി എയിലെ ഏറ്റവും മികച്ച താരമായി യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ ഫുട്ബോളേഴ്സ് അസോസിയേഷന്‍ വോട്ടു വഴിയാണ് താരത്തെ തെരഞ്ഞെടുത്തത്.
ഇത്തവണ 23 ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും യുവെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്റര്‍മിലാനാണ് ഒന്നാമത്. യുവന്റസ് വനിതാ ടീമിന്റെ ഫോര്‍വേഡ് ക്രിസ്റ്റ്യാന ഗിറെല്ലിയാണു മികച്ച വനിതാ താരം.
കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തെത്തിയ അറ്റലാന്റയാണു ടീം ഓഫ് ദി ഇയര്‍. പരിശീലകനുള്ള പുരസ്‌കാരം അറ്റലാന്റയുടെ ജിയാന്‍ പിയെറോ ഗാസ്പെറിനി സ്വന്തമാക്കി.
‘ഇത് നമ്മള്‍ ആഗ്രഹിക്കാത്ത വിചിത്രമായ വര്‍ഷമായിരുന്നു. എന്നാല്‍ വ്യക്തിഗതമായും ടീമെന്ന നിലയിലും ഇത് പോസിറ്റീവായിരുന്നു. കാരണം നമ്മള്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ചു.
ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുകയെന്നത് ആദ്യം ബുദ്ധിമുട്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പായിരുന്നു ലക്ഷ്യം. അത് നേടി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് നഷ്ടപ്പെട്ടു. അതാണ് ഫുട്ബോള്‍’ – സ്‌കൈ സ്പോര്‍ട്ട് ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.