ബാലണ്‍ദ്യോറിന്റെയും ഫിഫ ദി ബെസ്‌റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: യുവേഫയുടെ ബാലണ്‍ദ്യോറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ വലിയ പുരസ്‌കാരങ്ങള്‍ക്കെതിരായ റോണോയുടെ വിമര്‍ശനം. ദുബായിലെ ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാര ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ഈ രണ്ടു പുരസ്‌കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോള്‍ താന്‍ ഈ പുരസ്‌കാര ചടങ്ങുകള്‍ കാണാറില്ലെന്നു പറഞ്ഞ റൊണാള്‍ഡോ, വസ്തുതകളെ അടിസ്ഥാനമാക്കിയല്ല അവാര്‍ഡുകള്‍ നല്‍കുന്നതെന്നും വ്യക്തമാക്കി.

”ഒരു തരത്തില്‍ ഈ അവാര്‍ഡുകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നതായി ഞാന്‍ കരുതുന്നു. നമ്മള്‍ മുഴുവന്‍ സീസണും വിശകലനം ചെയ്യണം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അര്‍ഹരല്ലെന്നല്ല പറയുന്നത്. ഞാന്‍ ഇനി ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല, അത് ഞാന്‍ ഗ്ലോബ് സോക്കര്‍ വിജയിച്ചതുകൊണ്ടല്ല. പക്ഷേ ഇവ വസ്തുതകളാണ്, കണക്കുകളാണ്, കണക്കുകള്‍ കള്ളംപറയില്ല. അവര്‍ക്ക് ഈ നമ്പറുകളുടെ ട്രോഫി എന്നില്‍ നിന്ന് എടുക്കാന്‍ കഴിയില്ല, കാരണം ഇത് ഒരു യാഥാര്‍ഥ്യമാണ്, അതിനാല്‍ ഇത് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു, കാരണം എന്റെ നമ്പറുകള്‍ സത്യമാണ്.” – റൊണാള്‍ഡോ പറഞ്ഞു.

നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്.

Top