മിലാന്‍: യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ പീഡന പരാതി വീണ്ടും അന്വേഷിക്കാന്‍ ലാസ്‌വെഗാസ് പോലീസ്. റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണത്തെക്കുറിച്ചാണ് പൊലീസ് വീണ്ടും അന്വേഷിക്കുന്നത്.
ഇര നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
താന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു.
കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.
ഒമ്പതുവര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.
അതേസമയം റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോട് കൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.
കാതറിന്‍ മയോര്‍ഗയ്ക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നടപടികള്‍ മൂലമുണ്ടായ പരുക്കുകള്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ക്കും കോടതിക്കു മുമ്പില്‍ റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് തെളിയിക്കുകയാണ് ഈ നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നതെന്ന് മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്റ്റൊവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.