സൗദിയിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം നടന്നില്ല; അൽ നാസറിന്റെ മത്സരം മാറ്റിവച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽ നാസർ ഫുട്ബോൾ ക്ലബ്ബിനായി വ്യാഴാഴ്ച നിശ്ചയിച്ച അരങ്ങേറ്റം മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാന്‍ സാധിക്കില്ല എന്ന വാര്‍ത്ത വന്നതിന് പിന്നാലെ, മത്സരം തന്നെ മാറ്റിവച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം മാറ്റിവച്ചത്.

മത്സരം മാറ്റിവച്ചത് സംബന്ധിച്ച് അല്‍ നാസര്‍ ക്ലബ് തന്നെ ട്വീറ്റ് ചെയ്തു. “കനത്ത മഴയും കാലാവസ്ഥയും സ്റ്റേഡിയത്തിലെ വൈദ്യുതിയെ ബാധിച്ചതിനാൽ, അൽ തായ്‌ക്കെതിരായ ഇന്നത്തെ മത്സരം 24 മണിക്കൂർ മാറ്റിവച്ചതായി ഞങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ആരാധകർക്ക് ഉണ്ടായ എന്തെങ്കിലും അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” – ക്ലബിന്റെ ട്വീറ്റ് പറയുന്നു

അതേ സമയം റൊണാൾഡോ തന്റെ അൽ നാസർ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ ടീമില്‍ എത്തിയതോടെ സൗദി ക്ലബ് വിദേശ കളിക്കാർക്കുള്ള ക്വാട്ട കവിഞ്ഞതാണ് ഇത്തരം ഒരു കാര്യത്തിലേക്ക് എത്തിയത് എന്നാണ് വിവരം. ക്ലബ് വൃത്തങ്ങൾ വ്യാഴാഴ്ച എഎഫ്‌പിയോട് ഈ കാര്യങ്ങള്‍ വ്യക്തമാക്കി.

ചൊവ്വാഴ്‌ച വന്‍ സ്വീകരണമാണ് ക്ലബിന്‍റെ മൈതനത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് ലഭിച്ചത്. അൽ തായ്‌ക്കെതിരായ വ്യാഴാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ തന്നെ കളത്തിലിറങ്ങാന്‍ 37 കാരനായ പോര്‍ച്ചുഗീസ് താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

2025 ജൂൺ വരെയുള്ള കരാറില്‍ 200 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ അൽ നാസറിന്റെ ഒമ്പതാമത്തെ വിദേശ കളിക്കാരനായി സൌദിയില്‍ എത്തിയത്. സൗദി ഫുട്ബോൾ അസോസിയേഷന്‍ ഒരു ടീമില്‍ അനുവദിച്ച വിദേശ കളിക്കാരുടെ എണ്ണം എട്ടാണ്.

ഒരു വിദേശ കളിക്കാരന്‍റെ ഒഴിവില്ലാത്തതിനാൽ അൽ നാസർ ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ക്ലബ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. ഒരു വിദേശ കളിക്കാരൻ റൊണാൾഡോയ്ക്ക് പകരമായി പുറത്ത് പോകേണ്ടി വരും. അതിനായി വിദേശ കളിക്കാരന്‍ കരാര്‍ പരസ്പര സമ്മതത്തോടെയോ, അല്ലെങ്കില്‍ ക്ലബ് റദ്ദാക്കുകയോ ചെയ്യണം

അൽ നാസറിന്റെ വിദേശ സംഘത്തിൽ കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിന, ബ്രസീലിയൻ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ, മുന്നേറ്റക്കാരായ ബ്രസീലിന്റെ ആൻഡേഴ്സൺ ടാലിസ്ക, കാമറൂണിന്റെ വിൻസെന്റ് അബൂബക്കർ എന്നീ താരങ്ങള്‍ ഉള്‍പ്പെടുന്നു. ഉസ്‌ബെക്ക് മിഡ്‌ഫീൽഡർ ജലോലിദ്ദീൻ മഷാരിപോവ് ടീമില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി സ്ഥാനം ഒഴിയും എന്നാണ് ചില സൌദി മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചവരെ റൊണാൾഡോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ക്ലബ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്ത.

Top