തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് കാര്‍ ആക്രമിക്കപ്പെട്ടിരുന്നെന്ന കലാഭവന്‍ സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ തെളിവെടുപ്പു നടത്തി. സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ല. മാത്രമല്ല, അപകടം നടന്ന കാറില്‍ നിന്നു ചില പെട്ടികള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിയതു കണ്ടെന്ന പഴയ മൊഴി മാറ്റുകയും ചെയ്തു.
2018 സെപ്റ്റംബര്‍ 25ന് താന്‍ ചാലക്കുടിയില്‍ നിന്നു തിരുനെല്‍വേലിയിലേക്കു കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് ഏകദേശം 3 കിലോമീറ്റര്‍ മുന്‍പ് പെട്രോള്‍ പമ്പിനടുത്തു വച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണു സോബിയുടെ പുതിയ മൊഴി. എന്നാല്‍ പമ്പ് ജീവനക്കാരും സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരും രക്ഷാപ്രവര്‍ത്തകരും ഇതു തള്ളി.
‘മംഗലപുരം കുറക്കോടുള്ള പമ്പിനകത്തു കാറില്‍ വിശ്രമിക്കുമ്പോള്‍ പുറത്തു വെളുത്ത കാറില്‍ കുറച്ചു പേര്‍ മദ്യപിച്ചിരിക്കുന്നതു കണ്ടു. അതുവഴി വന്ന നീല ഇന്നോവ കാര്‍ അവിടെ നിര്‍ത്തി. മദ്യപിച്ചിരുന്നവര്‍ ഇരുമ്പു വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറിന്റെ മുന്നില്‍ ഇടതുവശത്തെ സീറ്റില്‍ ഒരാള്‍ തല കുനിച്ചിരിക്കുന്നതും കണ്ടു. നീല കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്തു. അപ്പോള്‍ സമയം പുലര്‍ച്ചെ 3.30. നാലിനു ഞാന്‍ വീണ്ടും യാത്ര പുറപ്പെട്ടു. പള്ളിപ്പുറത്തെത്തിയപ്പോള്‍ നീല കാര്‍ മരത്തില്‍ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു. വാഹനം വഴിയരികില്‍ ഒതുക്കിയപ്പോള്‍ വടിവാളും ആയുധങ്ങളുമായി ചിലര്‍ അടുത്തെത്തി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സരിത്ത് അപ്പോള്‍ അവിടെ ഉണ്ടായിരുന്നൂവെന്നാണ് അന്വേഷണ സംഘത്തെ സോബി അറിയിച്ചത്.
ഒരു പ്രമുഖ കലാകാരനും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും നുണപരിശോധനയ്ക്കു തയാറാണെന്നും സോബി പറഞ്ഞു. എന്നാല്‍, സോബി വിശ്രമിച്ചതായി പറയുന്ന പമ്പിലെ ജീവനക്കാര്‍ രാത്രി 11നു ശേഷം പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അവിടെ വെളിച്ചമില്ലെന്നും സിബിഐയെ അറിയിച്ചിരുന്നു. അപകടം നടന്നു മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി, മംഗലപുരം സ്റ്റേഷനിലെ പൊലീസുകാര്‍ എന്നിവരില്‍ നിന്നും സിബിഐ വിവരം ശേഖരിച്ചിരുന്നു.