ബെം​ഗളൂരു-മൈസൂരു പാത ഇലക്ഷൻ സ്റ്റണ്ട്; വെള്ളക്കെട്ടിനെതിരെ രൂക്ഷവിമർശനം

ബെം​ഗളൂരു: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെം​ഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. കഴി‌ഞ്ഞ ദിവസം പെയ്ത വേനൽ മഴയിലാണ് റോഡിലെ പലയിടത്തും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. എക്‌സ്‌പ്രസ്‌വേ ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് വെള്ളക്കെട്ടുണ്ടായത്. നിരവധി യാത്രക്കാർ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

8,480 കോടി രൂപ ചെലവിലാണ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ നിർമിച്ചത്. യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയും. എന്നാൽ, ഒറ്റരാത്രിയിൽ പെയ്ത മഴയിൽ തന്നെ വെള്ളക്കെട്ടുണ്ടായത് ആശങ്കക്കിടയാക്കുന്നു. വെള്ളക്കെട്ടിനെ തുടർന്ന് പലയിടത്തും ഗതാഗതക്കുരുക്കിനും കാരണമായി. രാമനഗരയ്ക്കും ബിഡദിക്കും ഇടയിലാണ് പ്രധാനമായി വെള്ളക്കെട്ടുണ്ടായത്. വെള്ളക്കെട്ടിനെ തുടർന്ന് ചിലയിടങ്ങളിൽ അപകടങ്ങളുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിർമാണം പൂർണമായി പൂർത്തിയാകും മുമ്പേ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാത ഉ​ദ്ഘാടനം ചെയ്തതെന്നും പലരും അഭിപ്രായപ്പെട്ടു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷയ്ക്ക് മുമ്പ് ഒപ്റ്റിക്സിന് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച്, കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനും പ്രധാനമന്ത്രി മോദിക്കും എതിരെ നിരാശരായ യാത്രക്കാർ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചു. പ്രതിപക്ഷവും സർക്കാറിനെതിരെ രം​ഗത്തെത്തി. ബിജെപി സർക്കാർ ജനത്തെ വിഡ്ഢികളാക്കുകയാണെന്നും നിർമാണം പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ മഴക്കാലത്ത് പലയിടത്തും വലിയ രീതിയിൽ വെള്ളക്കെട്ടുണ്ടായ പാതയാണിത്.

Top