‘മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണം’; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിനിധികൾ. ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തിൽ ആവശ്യം ഉയർന്നു. വ്യവസായ വകുപ്പ് പരാജയമാണെന്നും വിമർശനമുണ്ട്.

കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിൻറെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്. കരിമണൽ, കയർ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും രണ്ട് ധ്രുവങ്ങളിലാണ്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൻറെ ചർച്ചകളിൽ ഇതെല്ലാം പ്രതിഫലിച്ചു. ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉണ്ടായത്. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നുമാണ് വിമർശനം. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തിൽ ആവശ്യമുയർന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. എക്സൽ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നും വിമർശനമുണ്ടായി.

Top