ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച് ഡി.സി.സി യോഗം. ആലപ്പുഴയിലെ പ്രചാരണ രംഗത്ത് കെ.സി സജീവമായില്ലെന്ന് ജില്ലാ നേതാക്കള്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലാണ് കെ.സിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സംഭവിച്ച തോല്‍വിയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.
യോഗത്തില്‍ കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മത്സര രംഗത്തുനിന്ന് സ്ഥലം എം.പി പിന്മാറിയത് തോല്‍വിക്ക് കാരണമായി എന്ന് നേതാക്കള്‍ ആരോപിച്ചു. പ്രചാരണ രംഗത്ത് കെ.സി സജീവമായില്ല. ഷാനിമോളെ പോലും ഉള്‍പ്പെടുത്താതെ റോഡ് ഷോ നടത്തിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം യോഗത്തില്‍ ആലപ്പുഴ സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന് പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഷാനിമോള്‍ പങ്കെടുക്കാത്ത മൂന്നാമത്തെ പ്രധാന യോഗമാണ് ഇത്. നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്നും ഷാനിമോള്‍ വിട്ടുനിന്നിരുന്നു.