റിവ്യു ബോംബിങ്ങിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി നടന്‍ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നും സിദ്ധിഖ് പറഞ്ഞു. റിവ്യൂ പറയുന്നവര്‍ പറയട്ടെ, അതിനെ അതിന്റെ പ്രാധാന്യത്തില്‍ കണ്ടാല്‍ മതിയെന്നും സിദ്ധിഖ് വ്യക്തമാക്കി. പുതിയ ചിത്രമായ നേരിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള ഒരു മാധ്യമത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.
‘നിരൂപണം ഒരു കലയാണ്. സിനിമയുടെ ഒരോ വശവും സൂക്ഷ്മമായി പഠിച്ച് അതിന്റെ പോരായ്മകളെന്താണെന്ന് ആ നിരൂപകന് തോന്നുന്നത് വ്യക്തമായി പറയുകയും, അത് വായിക്കുമ്പോള്‍ ശരിയാണല്ലോ എന്ന് വായനക്കാര്‍ക്ക് തോന്നുകയും ചെയ്യുമ്പോഴാണ് ഒരാള്‍ നല്ല നിരൂപകനാകുന്നത്. എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യം വായിക്കുന്ന നിരൂപണം ‘ചെമ്മീന്‍’ സിനിമയുടേതാണ്. അന്ന് ആ നിരുപണത്തില്‍ മാര്‍ക്കസ് ബാര്‍ട്ട്‌ലി എന്ന ഛായാഗ്രഹകനെ കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയിംസ്, ആ ദൃശ്യ ഭംഗി പലപ്പോഴും പ്രേക്ഷകനെ കഥയില്‍ നിന്നും മാറ്റിക്കളയുന്നു. അതായത് ദൃശ്യ ഭംഗി അത്രയും വേണ്ടിയിരുന്നില്ല എന്നാണ് ആ നിരൂപകന്‍ എഴുതിയിരുന്നത്. കാരണം, പലപ്പോഴും മാര്‍ക്കസ് ബാര്‍ട്ട്‌ലി പകര്‍ത്തിയ കടലിന്റെയും അസ്തമയ സൂര്യന്റെയും ഭംഗി നോക്കിയിരിക്കുമ്പോള്‍ നമ്മള്‍ കറുത്തമ്മയേയും പരീക്കുട്ടിയേയും മറന്നു പോകുന്നു, അതാണ് നിരൂപണം,’ സിദ്ധിഖ് വ്യക്തമാക്കി.
‘ഇപ്പോള്‍ സിനിമ കണ്ടിട്ട് അവര്‍ക്ക് ഇഷ്ടമുള്ളതാണ് പറയുന്നത്. അവര്‍ പറയട്ടെ. നമ്മള്‍ റിവ്യു പറയേണ്ട എന്ന് പറഞ്ഞാല്‍ അവര്‍ പറയാതിരിക്കില്ല, പറയണം എന്ന് പറഞ്ഞാല്‍ അത് അവര്‍ ചെയ്യണമെന്നുമില്ല. നമ്മള്‍ അത് കേള്‍ക്കുക എന്നുള്ളത് മാത്രമേയുള്ളു. അതിനെ അതിന്റേതായ പ്രാധാന്യത്തില്‍ എടുക്കുക. അടുത്ത സിനിമ വരുമ്പോള്‍ അടുത്ത അഭിപ്രായം അളുകള്‍ പറയും. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല. എങ്കില്‍ പോലും ഞാന്‍ എല്ലാം കാണാറും കേള്‍ക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പലരെയും പറ്റി മോശമായി പറയുന്നത് കേള്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട് സിദ്ദിഖ് വ്യക്തമാക്കി.