അഹമ്മദാബാദ്: ഇന്ത്യന്‍ പൗരന്മാര് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമാക്കാന്‍ പറ്റില്ല. ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും’ എന്ന വിഷയത്തില്‍ ശനിയാഴ്ച അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ അത് രാജ്യദ്രോഹമാകില്ല. എതിര്‍ശബ്ദങ്ങളെ അമര്‍ത്തിയാല്‍ ഇന്ത്യ പൊലീസ് സ്റ്റേറ്റായി മാറുമെന്നും ‘എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ബ്യൂറോക്രസിക്കും സായുധസേനയ്ക്കും എതിരേയുള്ളവിമര്‍ശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ മനോഹരമായ വശം ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ഭയക്കേണ്ടതില്ല എന്നതാണ്. അധികാരത്തില്‍ ഇരിക്കുന്നവരോട് തങ്ങളുടെ അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ പൗരന്മാര്‍ക്ക് കഴിയണം. എന്നാലിപ്പോള്‍ രാജ്യത്ത് ആശയസംവാദത്തിന്റെ സാധ്യതകള്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു. ആരോഗ്യപരമായ ചര്‍ച്ചകളില്ല. സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്താല്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തുകയാണ്. ജനത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ അന്‍പത് ശതമാനം ജനത്തിന്റെ വോട്ടു വാങ്ങിയല്ല സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമ്പോള്‍ പോലും എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദമാണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.