പന്തീരങ്കാവ് യുഎപിഎ കേസില്‍ സര്‍ക്കാര്‍ പൊലീസിനു വഴങ്ങി; സിപിഎം വിമര്‍ശനം

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ വിമര്‍ശനമുയര്‍ന്നത്.

പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നും, യു.എ.പി.എ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികള്‍ ചോദിച്ചു. സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.

അലനും താഹയും സി.പി.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേള്‍ക്കാനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.എം നിലപാടെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.

2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Top