യുക്രെയിന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ച കമല ഹാരിസിന് വിമര്‍ശനം

ന്യൂയോര്‍ക്ക്: യുക്രെയിന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വിമര്‍ശനം. വ്യാഴാഴ്ച വാഴ്‌സയില്‍ പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെ ദുദയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെയായിരുന്നു കമല ഹാരിസ് പൊട്ടിച്ചിരിച്ചത്.

‘കൂടുതല്‍ യുക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമോ’ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പോളിഷ് പ്രസിഡന്റ് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ ആദ്യം അദ്ദേഹത്തെ നോക്കി, ഇല്ലെന്ന് കണ്ടതോടെയാണ് കമല ഹാരിസ് പൊട്ടിച്ചിരിച്ചത്.

യുക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള കോണ്‍സുലര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാന്‍ പോളണ്ട് കമലാ ഹാരിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ദുദ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി കമലാ ഹാരിസ് പറഞ്ഞു. എന്നാല്‍ യുഎസ് ഒരു നിശ്ചിത എണ്ണം അഭയാര്‍ത്ഥികളെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയില്ല.

കമല ഹാരിസ് പൊട്ടിച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ’80 വര്‍ഷമായി നമ്മള്‍ കണ്ടിട്ടില്ലാത്ത മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വേദിയിലെ ചിരി അടക്കിനിര്‍ത്തണം എന്നാണ് ആളുകള്‍ പറയുന്നത്.

ഇതിനുമുന്‍പും സമാനരീതിയിലുള്ള സംഭവങ്ങള്‍ കമല ഹാരിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബൈഡന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിച്ചതിനെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും കമലാ ഹാരിസ് ചിരിച്ചുകൊണ്ടായിരുന്നു മറുപടി നല്‍കിയത്.

Top