അല്‍ നസര്‍ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

റിയാദ്: എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് അല്‍ നസര്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സെമി കാണാതെ പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎഇ ക്ലബ്ബ് അല്‍ ഐനിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ നസര്‍ പരാജയപ്പെട്ടത്. ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ 1-0ന് തോറ്റ അല്‍ നസര്‍ രണ്ടാം പാദത്തില്‍ ഒരുഘട്ടത്തില്‍ 3-0ന് പിന്നിലായിട്ടും നാലു ഗോളുകള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. എങ്കിലും ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിന് അല്‍ നസറിന് കീഴടങ്ങേണ്ടി വരികയായിരുന്നു.അല്‍ നസറിന്റെ പുറത്താകലില്‍ നിരാശ പ്രകടിപ്പിച്ച് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മെസ്സിയില്ലാത്ത ഇന്റര്‍ മയാമി പോലെയാണ് റൊണാള്‍ഡോയുള്ള അല്‍ നസറെന്നായിരുന്നു ഒരു പോസ്റ്റ്. മെസ്സിയുടെ നേട്ടങ്ങളില്‍ ആത്മവിശ്വാസം കളയാതെ ഫുട്ബോള്‍ കളിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നാണ് മറ്റൊരു പോസ്റ്റ്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അല്‍ നസറിന്റെ ബ്രോസോവിച്ച്, ടെല്ലെസ്, ഒറ്റാവിയോ എന്നിവര്‍ പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അല്‍ ഐന്‍ മൂന്ന് കിക്കും ഗോളാക്കി. റൊണാള്‍ഡോ ലക്ഷ്യം കണ്ടെങ്കിലും അല്‍ നസര്‍ പരാജയം വഴങ്ങുകയായിരുന്നു. മത്സരത്തിന് ശേഷം റൊണാള്‍ഡോ മൈതാനത്തിരുന്ന് പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ച് ചിലര്‍ പരിഹസിച്ചു. ‘ഞാന്‍ കരുതി ഇത് ലോകകപ്പ് ഫൈനലാണെന്ന്’, ‘റൊണാള്‍ഡോയുടെ കാലം കഴിഞ്ഞു. അദ്ദേഹത്തിന് ഒരിക്കലും മെസ്സിയെ പോലെ ലോകകപ്പ് വിജയിക്കാനാവില്ല’, എന്നും പോസ്റ്റുകളുണ്ട്.ചിലര്‍ റൊണാള്‍ഡോ വിരമിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ‘റൊണാള്‍ഡോ വിരമിക്കണം. ഇദ്ദേഹം എങ്ങനെയാണ് എപ്പോഴും തെറ്റായ ടീം തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അറിയില്ല’, ‘എല്ലാ താരങ്ങളും എങ്ങനെയാണ് ഒരുമിച്ച് പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്?’ എന്ന് തുടങ്ങുന്നു പോസ്റ്റുകള്‍.

Top