തിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസിൽ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് കൂടുതലായി മറ്റൊന്നും പറയാനില്ലെന്ന് ആർ.ശ്രീലേഖ ഐപിഎസ്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പ്രതീക്ഷിച്ചതാണ്. പറയാനുള്ള കാര്യങ്ങളെല്ലാം യൂട്യൂബ് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. പ്രതിഭാഗം സാക്ഷിയാക്കാമെന്നത് തെറ്റായ ധാരണയെന്നും ശ്രീലേഖ പ്രതികരിച്ചു.
കേസിൽ ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ പ്രതിയായ നടൻ ദിലീപിനെ ന്യായീകരിച്ച് വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങി. ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത് കോടതിയലക്ഷ്യമെന്നാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ കുടുംബം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.