ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയെ വിമര്‍ശിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ‘ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്ത പോലെ’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആര്‍ എഴുതിയത്. ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ട് പള്ളിക്ക് മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരുടെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ് ഉണ്ണി ആര്‍ ചേര്‍ത്തിരിക്കുന്നത്. വിധിക്കെതിരെ നിരിവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.
കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ , മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കിയാണ് പ്രത്യേക സിബിഐ കോടതി വിധി. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് പൊളിക്കാന്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം നടത്തിയില്ലെന്നും വിലയിരുത്തിയാണ് വിധി പ്രസ്താവിച്ചത്.