തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചപ്പോള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതില്‍ വിമര്‍ശിച്ച് മന്ത്രി ജെ ചിഞ്ചുറാണി. ഇങ്ങനെ ഒരു ഗവര്‍ണ്ണറെ കേരളം കണ്ടിട്ടില്ലെന്ന് ചിഞ്ചു റാണി പറഞ്ഞു. കാര്‍ തുറന്ന് ഇറങ്ങി വന്ന് വെല്ലുവിളിക്കുന്ന ഗവര്‍ണ്ണര്‍, എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നുണ്ട്, അദ്ദേഹം പുറത്തിറങ്ങുന്നില്ലെന്നും ചിഞ്ചുറാണി പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഗവര്‍ണറുടെ സഞ്ചാര പാത ചോര്‍ത്തി നല്‍കിയ കാര്യം പരിശോധിക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.
ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്.