വിമര്‍ശകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ ഷബാന ആസ്മി

ഇന്‍ഡോര്‍:സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രേഹികളായി മുദ്രകുത്തുന്നുവെന്ന്‌ ബോളിവുഡ് നടി ഷബാന ആസ്മി. എന്നാല്‍ ഇതിനെ ഭയപ്പെടാന്‍ പാടില്ലെന്നും, മുട്ട് വളയ്‌ക്കാതെ അതിനോട് പോരാടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇന്‍ഡോറില്‍ ആനന്ദ് മോഹന്‍ മാത്തുര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുന്തി മാത്തുര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു അവരുടെ പരാമര്‍ശം.

”നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും. എന്നാല്‍ സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോള്‍. ഭയപ്പെടാന്‍ പാടില്ല, ആര്‍ക്കും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.” ഷബാന ആസ്മി പറഞ്ഞു.

വളരെ മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമാകില്ലെന്നും അവര്‍ പറഞ്ഞു.

Top