കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ കൂട്ടമായി തോറ്റതില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു ഐക്യ ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജും ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും രാജിവച്ചു. കോഴിക്കോട്ടു മാധ്യമങ്ങളോടാണ് വര്‍ഗീസ് ജോര്‍ജ് രാജി തീരുമാനം അറിയിച്ചത്.
സംസ്ഥാന കമ്മിറ്റി യോഗത്തിനു തൊട്ടുമുമ്പാണ് ഇരു നേതാക്കളും രാജി അറിയിച്ചത്. 1967നു ശേഷം പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കളുടെയും രാജി. കഴിഞ്ഞ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍തന്നെ രാജി വയ്ക്കാന്‍ തയാറാണെന്നു ഷെയ്ഖ് പി ഹാരിസും വര്‍ഗീസ് ജോര്‍ജും പറഞ്ഞിരുന്നു.
സംസ്ഥാന നിയമസഭയില്‍ ഒരു അംഗംപോലും ഇക്കുറിയില്ല. ഇത്തരമൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. തിരുവനന്തപുരത്തു കല്‍പ്പറ്റ, കൂത്തുപറമ്പ്, വടകര, ഏലത്തൂര്‍, മട്ടന്നൂര്‍, നേമം, അമ്പലപ്പുഴ മണ്ഡലങ്ങളിലായിരുന്നു ഇത്തവണ ജെഡിയു മത്സരിച്ചത്. കഴിഞ്ഞ തവണ എം വി ശ്രേയാംസ് കുമാറും കെ പി മോഹനനും പാര്‍ട്ടിയില്‍നിന്നു നിയമസഭയില്‍ എത്തിയിരുന്നു.