ലൂക്ക മോഡ്രിച്ച് വിരമിക്കല്‍ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച്

തിഹാസ താരം ലൂക്ക മോഡ്രിച്ച് വിരമിക്കല്‍ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച്. മോഡ്രിച്ച് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരിശീലകന്റെ ആവശ്യം. താരത്തെ ക്രൊയേഷ്യക്ക് ആവശ്യമുണ്ടെന്ന് ഡാലിച്ച് പറഞ്ഞു. യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡാലിച്ചിന്റെ പ്രതികരണം.

37 വയസുകാരനായ താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിക്കുന്നത്. ക്ലബ് റയല്‍ മാഡ്രിഡിലും ക്രൊയേഷ്യയ്ക്കായും മോഡ്രിച്ച് തകര്‍ത്തുകളിക്കുകയാണ്. തന്റെ രാജ്യാന്തര കരിയറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞെന്ന് മോഡ്രിച്ച് ഫൈനല്‍ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. 2006ല്‍ രാജ്യാന്തര കരിയറില്‍ അരങ്ങേറിയ മോഡ്രിച്ച് ആകെ 166 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഷൂട്ട് ഔട്ടില്‍ ഇരട്ട സേവുകളുമായി സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനൈ സൈമണ്‍ തിളങ്ങിയതോടെയാണ് ക്രോയേഷ്യ കിരീടം കൈവിട്ടത്. ഇതോടെ, ലോക ഫുട്‌ബോളില്‍ ഒരു മേജര്‍ കിരീടം നേടുക എന്ന സ്വപ്നം വീണ്ടും ക്രൊയേഷ്യയില്‍ നിന്നും നായകന്‍ ലൂക്ക മോഡ്രിച്ചില്‍ നിന്നും അകന്നു നിന്നു. സ്‌പെയിനിനാകട്ടെ മുഖ്യപരിശീലകനായിരുന്ന ലൂയിസ് എന്റിക്കക്ക് പകരം നിയമിതനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ നേടുന്ന ആദ്യ കിരീട നേട്ടം കൂടിയാണ് ഇത്.

Top