മെല്‍ബണ്‍: തിരക്കേറിയ റോഡിലൂടെ അലഞ്ഞു തിരിഞ്ഞ കുഞ്ഞന്‍ മുതലയുടെ ഉടമസ്ഥനെ പോലീസ് തിരയുന്നു.
ഓസ്‌ട്രേലിയന്‍ പോലീസാണ് മുതല കുഞ്ഞിന്റെ ഉടമസ്ഥനെ തിരയുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് കുഞ്ഞന്‍ മുതലയെ പോലീസിന് കളഞ്ഞു കിട്ടിയത്.
ജനങ്ങള്‍ താമസിക്കുന്ന ഭാഗത്തായാണ് മുതലയെ കണ്ടെത്തിയത്. ആദ്യം ഭീമന്‍ പല്ലിയാണെന്നാണ് പോലീസ് സംശയിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പല്ലിയല്ലെന്നും മുതലയാണെന്നും മനസിലായത്.
ഏകദേശം ഒരു മീറ്റര്‍ നീളമുള്ള ശുദ്ധജല ജീവിയായ മുതലയാണിതെന്നും പോലീസ് വ്യക്തമാക്കി. പാമ്പ് പിടുത്തക്കാരനായ മാര്‍ക്ക് പെല്ലിയെയാണ് പോലീസുകാര്‍ ആദ്യം വിളിച്ചത്.
നഗര വീഥിയില്‍ ശാന്തമായി ഇരിക്കുന്ന മുതലയെ പിടിക്കാനാണ് പെല്ലിയെ പോലീസുകാര്‍ വിളിപ്പിച്ചത്. പോലീസുകാര്‍ മുതലയെ വെള്ളത്തിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് വീണ്ടും തിരികെ വരുകയാണുണ്ടായതെന്നും പെല്ലി പറഞ്ഞു.
ആള്‍ക്കാരെ കണ്ടപ്പോള്‍ പുല്‍ തകിടിയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ പിടികൂടുകയും, തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
പട്ടികളേയും പൂച്ചകളേയും ഓമനിച്ചു വളര്‍ത്തുന്നത് പോലെ മുതലയെ വളര്‍ത്തുന്നത് ഓസ്‌ട്രേലിയില്‍ സാധാരണമാണ്. 2.5 മീറ്റര്‍ നീളമുള്ള മുതലകളെവരെ വളര്‍ത്താന്‍ സൈസന്‍സ് നല്‍കാറുണ്ട്.