ശബരിമലയിലെ തിരക്ക് ; സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗുകളെ സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് പൊലീസ് ദേവസ്വം ബെഞ്ചിനെ അറിയിക്കും. പൊലീസ് നിയന്ത്രണങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ വിശദീകരിക്കും.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്ന് പുലര്‍ച്ചെയോടെ സന്നിധാനത്തെത്തിയിട്ടുണ്ട്. ദേവസ്വം അധികൃതരോടും തന്ത്രി ഉള്‍പ്പെടെയുള്ളവരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. മല കയറുന്നതിനിടെ ശരംകുത്തിയിലെ ക്യൂ കോംപ്ലക്‌സ് മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് ഭക്തര്‍ ഉന്നയിച്ച പരാതികള്‍ മന്ത്രി നേരിട്ട് കേള്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അധികൃതരും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

പമ്പയിലെയും സന്നിധാനത്തെയും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ ഇന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ഇടത്താവളങ്ങളിലെ പാര്‍ക്കിംഗ് സൗകര്യം, അയ്യപ്പ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍, പമ്പ നിലയ്ക്കല്‍ പാതയിലെ ബസ് സര്‍വീസ് എന്നിവയിലും വിശദീകരണങ്ങള്‍ നല്‍കും. പത്തനംതിട്ട ആര്‍ടിഒ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. രാവിലെ പത്തേകാലിന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top