ശബരിമലയിലെ തിരക്ക് നിയന്ത്രണം ; നടപടികള്‍ അറിയിക്കാൻ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിർദേശം

ബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം. പൊലീസിനോടും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്‌പെഷ്യല്‍ ഓഫീസര്‍ തീര്‍ഥാടകര്‍ക്കായി ലഭ്യമാക്കേണ്ട സഹായ നടപടികള്‍ ഏകോപിപ്പിക്കുകയും വീഴ്ചയുണ്ടായാല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ അറിയിക്കുകയും വേണം. ഇക്കാര്യം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.വെര്‍ച്വല്‍ ക്യു, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ബുക്കിങ് നടത്തിയവരെ മാത്രമേ പമ്പയില്‍ നിന്ന് കടത്തി വിടാവൂവെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ശബരിമലയിലെ തിരക്ക് സംസ്ഥാന പോലീസ് മേധാവി തുടര്‍ച്ചയായി നിരീക്ഷിക്കണം. തീര്‍ഥാടക വാഹനങ്ങളുടെ സുഗമ യാത്ര ഉറപ്പുവരുത്താന്‍ മൊബൈല്‍ യൂണിറ്റ് വര്‍ധിപ്പിക്കണം.

ഒരു ലക്ഷത്തിലധികം ആളുകള്‍ കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. വാഹനങ്ങളുടെ തിരക്കും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി, കോട്ടയം പോലിസ് മേധാവികളോടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Top