പത്തനംതിട്ട: നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള ശബരിമല തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. ഇതോടെ എരുമേലി മുതല്‍ നിലയ്ക്കല്‍ വരെയുള്ള വഴിയില്‍ വാഹനങ്ങള്‍ തടയുന്നതും ഒഴിവാക്കി. പമ്പയില്‍ പാര്‍ക്കിങ് അനുവദിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുണ്ട്. ഭക്തരെ കുത്തിനിറച്ച് കൊണ്ടു പോകുന്ന സാഹചര്യം നിലവിലില്ല. നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ്ങും കുറഞ്ഞു. തീര്‍ഥാടകരുടെ തിരക്കും അസൗകര്യങ്ങളും സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ബി ജെ പി നേതാവ് കുമ്മനം രാജശേഖരനും സംഘവും സന്നിധാനത്ത് പരിശോധനയ്‌ക്കെത്തി.
സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് തുറന്ന് സമ്മതിക്കണം, ഭക്തര്‍ക്ക് നിലയ്ക്കലും പമ്പയിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കുടിവെള്ളവും ഭക്ഷണവും ശുചിമുറിയുമില്ലാത്ത ഇടങ്ങളില്‍ ഭക്തരെ തടയരുതെന്ന് ദേവസ്വം മന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.