രാഷ്ട്രീയ എതിരാളികള്‍ക്ക് വരമ്പത്ത് കൂലി, വിഘടനവാദികളോട് വേണ്ടത് തുറന്ന ചര്‍ച്ചയും ഇതെന്ത് നിലപാടാണ് കോടിയേരി . . .
ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ച് പോകരുതെന്നും ഇങ്ങോട്ട് ആക്രമിച്ചാല്‍ വരമ്പത്ത് തന്നെ കൂലി കിട്ടുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മുന്‍ ആഹ്വാനവും ഇപ്പോള്‍ കാശ്മീര്‍ സ്‌ഫോടവുമായി ബന്ധപ്പെട്ട പ്രതികരണവും വിലയിരുത്തപ്പെടേണ്ടതാണ്.
വരമ്പത്ത് കൂലി പ്രയോഗത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ എന്തുകൊണ്ടാണ് കാശ്മീരില്‍ തിരിച്ചടി വേണ്ടെന്നും സമാധാന ചര്‍ച്ച വേണമെന്നും പറയുന്നത് ?
ഈ നാടിന്റെ കാവല്‍ക്കാരാണ് കാശ്മീരിന്റെ തെരുവില്‍ ചിന്നി ചിതറിയത്. അതില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും എല്ലാം ഉണ്ട്. ഏതെങ്കിലും മതത്തിന്റേയോ ജാതിയുടേയോ അടിസ്ഥാനത്തിലല്ല ഇന്ത്യന്‍ സേനകളിലേക്കും പൊലീസിലേക്കുമെല്ലാം റികൂട്ട്‌മെന്റ് നടത്തുന്നത്.
നാം ഉറങ്ങുമ്പോഴും നമ്മുടെ രക്ഷക്കായി ഉണര്‍ന്നിരിക്കുന്നവരാണ് സുരക്ഷാ സൈനികര്‍. അവരുടെ രോദനം ഈ രാജ്യത്തിന്റെ രോദനമാണ്.
സി.ആര്‍.പി.എഫ് ജവാന്‍മാര്‍ യാത്ര ചെയ്ത വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് കൊടും തീവ്രവാദി മഹാദുരന്തം സൃഷ്ടിച്ചത്. ഇതിനകം തന്നെ മലയാളി ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. കാലുകളും കൈകളും ചിന്നി ചിതറി മരണത്തോട് മല്ലിടുന്ന നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരക്കം പായുകയാണ്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതികരണം തീവ്രവാദികള്‍ അറിയുക തന്നെ വേണം. ഇവിടെ സമാധാന ചര്‍ച്ചകളല്ല, സൈനിക നടപടി തന്നെയാണ് അനിവാര്യം.
സ്‌ഫോടകവസ്തുക്കളും നിറതോക്കുകളുമായി രാജ്യത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുന്നവരോട് സമാധാനം സംസാരിക്കേണ്ട ഒരു ആവശ്യവും പോരാളികളുടെ ഈ നാടിനില്ല.
ജമ്മു കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ഹിംസയും അക്രമവും ഒരു പരിഹാരമാര്‍ഗ്ഗമല്ലെന്ന കോടിയേരിയുടെ വാദം അഗീകരിക്കുന്നു. അത് പാലിക്കേണ്ടത് തീവ്രവാദികളാണ് വിഘടനവാദികളാണ്. ഇത്തരക്കാരോട് ചര്‍ച്ച നടത്താന്‍ ഇനി ഒരിക്കലും അഭിമാനമുള്ള ഒരു രാജ്യത്തിനും കഴിയില്ല.
തെരുവില്‍ ചിതറിയ സൈനികരുടെ ചോരക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ കഴിയില്ലന്ന് കോടിയേരി ഓര്‍ക്കുന്നത് നല്ലതാണ്. പാര്‍ട്ടി നീതി പാട വരമ്പത്ത് നടപ്പാക്കുന്നവര്‍ സിആര്‍പിഎഫ് സൈനികരുടെ ജീവത്യാഗവും ജീവന് വേണ്ടി പിടയുന്ന അനവധി പേരുടെ രോദനവും കാണാതെ പോകരുത്.
പാക്കിസ്ഥാന്‍ പരിശീലനം നല്‍കിയ തീവ്രവാദികളാണ് ഈ കൊടും പാതകം ചെയ്തിരിക്കുന്നത്. കാശ്മീരിലെ ചെറുപ്പക്കാരെ വരെ മനുഷ്യ ബോംബാക്കുന്ന അപകടകരമായ ഈ നീക്കം മുളയിലേ നുള്ളിക്കളയുക തന്നെ വേണം.
അഫ്ഗാനിസ്ഥാനിലും സിറിയയിലും ഫ്രാന്‍സിലും നടമാടിയ ഭീകരതയുടെ മറ്റൊരു മുഖമാണിത്.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടുകളോടുള്ള എതിര്‍പ്പ് നില നിര്‍ത്തി കൊണ്ട് തന്നെ രാജ്യസുരക്ഷക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം.
ഈ സംഭവത്തെ കേവലം രാഷ്ട്രീയ പക തീര്‍ക്കാനോ കുറ്റപ്പെടുത്താനോ മുതലെടുപ്പ് നടത്താനുള്ള വേദിയാക്കി മാറ്റാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിക്കരുത്. അത് സി.പി.എം ആയാലും ബി.ജെ.പി ആയാലും കോണ്‍ഗ്രസ്സ് ആയാലും ഇനി മുസ്ലീം ലീഗ് തന്നെ ആയാലും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്.
ഒരു കാലത്ത് രാജ്യത്ത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ സിക്ക് ഭീകരവാദത്തെ അടിച്ചമര്‍ത്തിയ ചരിത്രം ഈ രാജ്യത്തിനുണ്ട് എന്നതും നാം മറന്നു പോകരുത്.
കാശ്മീര്‍ ജനതയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ഭീകരരുടെ നീക്കം ഇല്ലായ്മ ചെയ്ത് ആ ജനതയേയും രാജ്യത്തേയും രക്ഷിക്കുക എന്ന കര്‍ത്തവ്യം ആണ് ഭരണകൂടവും സേനയും നിര്‍വ്വഹിക്കേണ്ടത്.
ഭീകരരെ ഉന്മൂലനം ചെയ്യുക തന്നെ വേണം അത് പാക്കിസ്ഥാന്‍ ഭീകരനായാലും സ്വദേശി ഭീകരനായാലും നടപടിയില്‍ വിട്ടുവീഴ്ച പാടില്ല. പക്ഷേ ഇതിന്റെ പേരില്‍ കാശ്മീരിലെ നിരപരാധികള്‍ ക്രൂശിക്കപ്പെടരുത്. ഇക്കാര്യം സൈനിക നേതൃത്വങ്ങളും ഉറപ്പു വരുത്തണം.