ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ രാഷ്ട്രപതി ഭരണത്തിലേക്കോ ? അതോ സാക്ഷാല്‍ പട്ടാളം ഇറങ്ങുമോ ? ഈ ചോദ്യമാണ് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ പുകയുന്നത്. സിആര്‍പിഎഫ് നിലവില്‍ കൊല്‍ക്കത്തിയല്‍ ‘പണി’ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന പൊലീസിനെ കേന്ദ്രസേന വിരട്ടി ഓടിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്.
ശാരദ ചിട്ടി കേസ് സംബന്ധമായി അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘത്തെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തതോടെ ശക്തമായ ഭരണഘടനാ പ്രതിസന്ധിയാണ് ബംഗാളില്‍ ഉടലെടുത്തിരിക്കുന്നത്. സിആര്‍പിഎഫ് ഇറങ്ങിയതോടെ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.
സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്തത് ഗൗരവമായി കാണുന്ന കേന്ദ്ര സര്‍ക്കാര്‍ കടുത്ത നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
പട്ടാളം രംഗത്തിറങ്ങി സിറ്റി പൊലീസ് കമീഷണറെയും സംസ്ഥാന പൊലീസ് മേധാവിയെയും പിടികൂടാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗവര്‍ണ്ണറുമായി നിരന്തരം കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടു വരികയാണ്. സിആര്‍പിഎഫിന്റെ കൂടുതല്‍ വിഭാഗത്തെ കേന്ദ്രം വിന്യസിച്ച് കഴിഞ്ഞു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് തൊട്ടു പിന്നാലെയാണ് സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്‍ക്കത്ത പൊലീസ് കമീഷണറായ രാജീവ് കുമാറിന്റെ വസതിയിലാണ് വൈകിട്ട് ആറരയോടുകൂടി സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനാണ് ഇദ്ദേഹം. പരിശോധനക്കെത്തിയ സംഘത്തെ അവിടെവെച്ചുതന്നെ പൊലീസ് സംഘം തടയുകയായിരുന്നു. തുടര്‍ന്ന് അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് തൊട്ടുസമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പണിപാളും എന്നു കണ്ടാണ് ഇവരെ വിട്ടയച്ചത്.
അതേസമയം പൊലീസ് കമീഷണറുടെ വസതിയിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ഉന്നതതലയോഗം ചേര്‍ന്നു. പിന്നാലെ കൊല്‍ക്കത്തയിലെ സിബിഐ ആസ്ഥാനം പൊലീസ് സംഘം വളഞ്ഞു. സിബിഐ ജോയിന്റ് ഡയറക്ടറുടെ വസതിയിലും പൊലീസ് സംഘം എത്തിയിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇവിടെ കേന്ദ്ര സേന എ.കെ47 മെഷീന്‍ ഗണ്ണുമായി കാവല്‍ നില്‍ക്കുകയാണ്.
രാജീവ് കുമാര്‍ കഴിഞ്ഞ മൂന്നുദിവസമായി ഒളിവിലാണ്. ഇദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും സിബിഐ പിടികൂടുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രാജീവ് കുമാറിനെ പിന്തുണച്ച് മമത ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു. രാജീവ് കുമാര്‍ ഒരു ദിവസത്തേക്ക് മാത്രമാണ് അവധിയെടുത്തതെന്നും അദ്ദേഹം മികച്ച ഉദ്യോഗസ്ഥനാണെന്നും മമത ട്വീറ്റ് ചെയ്തിരുന്നു.
തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ട കോടികള്‍ വെട്ടിച്ച ശാരദ ചിട്ടി കുംഭകോണക്കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദീര്‍ഘകാല സെക്രട്ടറിയും അടുത്ത വിശ്വസ്തനുമായ മണിക് മജുംദാറെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. പലതവണ വിളിപ്പിച്ചെങ്കിലും അനാരോഗ്യം പറഞ്ഞ് ഒഴിഞ്ഞുമാറിയ മണികിന്റെ വീട്ടിലെത്തിയാണ് സിബിഐ ചോദ്യംചെയ്തത്. കാളിഘട്ടില്‍ മമത ബാനര്‍ജിയുടെ വീടിനടുത്താണ് മണികും താമസിക്കുന്നത്. മമതയുടെ ചിത്രങ്ങള്‍ കോടികള്‍ നല്‍കി ശാരദ ഉടമസ്ഥന്‍ സുദീപ്ത സെന്‍ വാങ്ങിയിരുന്നു. അതിന്റെ വിവരങ്ങളും തൃണമൂലിന് ലഭിച്ച മറ്റ് വന്‍തുകകളെക്കുറിച്ചുമുള്ള പൂര്‍ണവിവരം മണികിന് അറിയാമെന്നാണ് അന്വേഷണ വിഭാഗം കരുതുന്നത്.
സി.ബി.ഐ ഉദ്യോഗസ്ഥരുടെ അറസ്റ്റോടെ മമത ഭരണകൂടമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്രവും കോടതിയും എതിരായ നിലപാട് സ്വീകരിച്ചാല്‍ സാക്ഷാല്‍ മമത തന്നെ നിയമ നടപടി നേരിടേണ്ടി വരും. പട്ടാളം കൂടി ഇറങ്ങിയാല്‍ പൊലീസിന് കീഴടങ്ങുകയോ ഓടി ഒളിക്കുകയോ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. രാജ്യദ്രോഹ നടപടി ആയാണ് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മമത സര്‍ക്കാര്‍ നടപടിയെ കാണുന്നത്.
ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നാരോപിച്ച് മമത സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.