കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കാണാതായി. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതിനുളള നോട്ട് ഫയലാണ് കാണാതായത്. നോട്ട് ഫയല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയിട്ടുണ്ട്.
കരാര്‍ കമ്പിനിക്ക് എട്ടേകാല്‍ കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്. പൊതുമരാമത്ത് സെക്രട്ടറിയാണ് പണം നല്‍കാന്‍ നിര്‍ദ്ദേശിച്ച് റോഡ് ഫണ്ട് ബോര്‍ഡിന് അപേക്ഷ നല്‍കിയത്. റോഡ് ഫണ്ട് ബോര്‍ഡ് അപേക്ഷ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട്ഫയല്‍ പരിഗണിച്ചാണ് കരാര്‍ കമ്പനിക്ക് പണം അനുവദിക്കാന്‍ മുന്‍ മന്ത്രി ഇബ്രാംഹിംകുഞ്ഞ് ഉത്തരവിട്ടത്. വിജിലന്‍സ് പരിശോധനയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഈ രേഖകളില്ലെന്ന് കണ്ടെത്തിയത്.
അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായ രേഖയാണ് നഷ്ടമായതെന്നാണ് വിജിലന്‍സ് വാദം. കേസിലെ ഗൂഢാലോചന തെളിയിക്കാനുള്ള സുപ്രധാനമായ രേഖയാണിത്.
അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഭാരപരിശോധനക്ക് ശേഷം ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിക്കാവൂ എന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.