ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം

പട്‌ന: രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിഹാറിൽ ജെഡിയുവിന്റെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ചു ചേർത്ത ജെഡിയു എംഎൽഎമാരുടേയും നേതാക്കളുടേയും യോഗം ഇന്ന് ചേരും. മുഴുവൻ പാർട്ടി എംപിമാരോടും എം എൽ എമാരോടും അടിയന്തരമായി പട്‌നയിലെത്താനാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുള്ളത്.

എൻഡിഎ സഖ്യം വിടുന്നത് അടക്കമുള്ള നിർണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ബിഹാർ രാഷ്ട്രീയത്തിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു- ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനിൽക്കുന്നത്.

മഹാരാഷ്ട്ര മോഡലിൽ ശിവസേനയെ പിളർത്തി ഭരണം നേടിയതുപോലെ പാർട്ടിക്കുള്ളിൽ വിമതരെ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിലൂടെ സർക്കാരും രാജിവെച്ചേക്കും.

Top