കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ പകര്‍ത്തിയെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഈ മാസം 30ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിലെ ഒരു പ്രധാന ഭാഗം പുറത്ത് വന്നത്. തെന്നിന്ത്യന്‍ സുന്ദരി സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.
ടൈം കോഡ് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എഡിറ്റ് ചെയ്തിടത്ത് നിന്ന് ആരെങ്കിലും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണോ എന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്ന് കരുതുന്നതായി നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന്‍ ആരോപിച്ചു.
ലക്ഷക്കണക്കിന് ആളുകള് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിര്‍മ്മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഡിയോ വന്ന പേജ് ഇതിനോടകം ബ്ലോക്ക് ചെയ്തതായി പൊലീസ് അറിയിച്ചു. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.