ആധാര്‍ നിര്‍ബന്ധമാക്കുമോ ? സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി ഇന്ന്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ നാല് മാസം വാദം കേട്ട ശേഷമാണ് വിധി.

സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ് പുട്ടസ്വാമി, കല്ല്യാണി സെന്‍ മേനോന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാവിലെ 10.45ന് വിധി പ്രസ്താവിക്കും.

ഭരണഘടനയുടെ 110ാം അനുഛേദപ്രകാരം പണബില്ലായി കൊണ്ടുവന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കിയത്. 38 ദിവസം തുടര്‍ച്ചയായി വാദം കേട്ട കേസില്‍ ആധാറിന്റെ ഭരണഘടന സാധുത, ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോ, ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോ എന്നീ വിഷയങ്ങള്‍ ഭരണഘടന ബെഞ്ച് പരിശോധിച്ചു. പണബില്ലായാണ് കൊണ്ടുവന്നതെങ്കിലും നിയമമായി മാറിയ ആധാറിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.

എന്നാല്‍, ഭരണഘടനവിരുദ്ധമായി സ്പീക്കര്‍ തീരുമാനമെടുത്താല്‍ അതില്‍ കോടതിക്ക് ഇടപെടാമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആധാര്‍ മൊബൈല്‍ നമ്പരുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതിനെ വാദം കേള്‍ക്കുന്നതിനിടെ കോടതി എതിര്‍ത്തിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് സ്വകാര്യതക്ക് അപ്പുറത്ത് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ അവകാശമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്താനാകില്ലെന്ന സ്ഥാപിക്കാന്‍ ഭരണഘടന ബെഞ്ചില്‍ യുഐഡിഐ പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തുകയും ചെയ്തിരുന്നു. 2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ച് സംരക്ഷിക്കുന്ന ആധാര്‍ വിവരങ്ങള്‍ പ്രപഞ്ചമുള്ളിടത്തോളം ആര്‍ക്കും ഹാക്ക് ചെയ്യാനാകില്ലെന്ന് സ്ഥാപിക്കാനാണ് യുഐഡിഎ കോടതിയില്‍ ശ്രമിച്ചത്. പക്ഷേ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്ന് ആധാര്‍ അതോറിറ്റി തുറന്ന് സമ്മതിച്ചു.

കേസിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഉദ്യോഗകയറ്റത്തിന് എസ്.എസി-എസ്.ടി സംവരണം സംബന്ധിച്ച കേസിലും കോടതി ഇന്ന് വിധി പറയും.

Top