അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂപ്പുകുത്തിയിട്ടും രാജ്യത്ത് വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ലോകത്താകമാനം ആവശ്യകതയില്‍ വന്‍ഇടിവുവന്നതാണ് അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്.

കൂടാതെ ലോകം മുഴുവന്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതും അസംസ്‌കൃത എണ്ണവില കൂപ്പുകുത്താന്‍ ഇടയാക്കി. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി.

ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളര്‍ നിലവാരത്തിലുമെത്തി.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് ആഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്.

ആഗോള വിപണിയില്‍ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോള്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും.

വിലകൂടുമ്പോള്‍ കൂട്ടുകയും കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

Top