രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം 2% ഉയർന്ന് വില, 84 ഡോളറിനു മുകളിലായി. കഴിഞ്ഞ ഏപ്രിൽ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ ഉയർത്തിയതും ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപാദനം കുറച്ചതുമെല്ലാം വില വർധനയ്ക്കു കാരണമായി. നാലാഴ്ചയായി വിപണിയിൽ വില ഉയരുകയായിരുന്നു. വില 90 ഡോളർ വരെ എത്താമെന്ന വിലയിരുത്തലുകളുമുണ്ട്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വില ഉയർന്നാലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കാനിടയില്ല. ഇതിനിടെ, ക്രൂഡ് വിലയിൽ കാര്യമായ ഇടിവുണ്ടായെങ്കിലും 2022 മേയ് 21 നു ശേഷം രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
രൂപയുടെ മൂല്യം 32 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 82.25 നിലവാരത്തിലെത്തി. പലിശ ഉയർത്തലും മികച്ച സാമ്പത്തികഫലവും മൂലം അമേരിക്കൻ ഡോളർ ശക്തമായാതാണു രൂപയ്ക്കു തിരിച്ചടിയായത്. അസംസ്കൃത എണ്ണവില ഉയർന്നതും രൂപയുടെ ഇടിവിനു കാരണമായി. ഓഹരി വിപണിയിൽ നിന്നു വിദേശനിക്ഷേപം പിൻവലിച്ചതും നാണ്യ വിപണിയിൽ പ്രതിഫലിച്ചു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 82.34 വരെ ഇടിഞ്ഞിരുന്നു.
അമേരിക്കൻ ഫെഡറൽ റിസർവും സെൻട്രൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ വർധിപ്പിച്ചതോടെ ഓഹരി വിപണികളിലും ഇടിവ്. കഴിഞ്ഞ രണ്ടു വ്യാപാരദിവസങ്ങളിലും വിപണികൾ നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഇന്നലെ 107 പോയിന്റും നിഫ്റ്റി 14 പോയിന്റും ഇടിഞ്ഞു. വ്യാഴാഴ്ച 3979 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
കേന്ദ്രബാങ്കുകളുടെ പലിശവർധനയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവിലയും കുറഞ്ഞു. 1945 ഡോളറിലേക്ക് വില ഇടിഞ്ഞു. ഡോളറിലേക്കു കൂടുതൽ നിക്ഷേപം മാറ്റുന്നതിനായി വൻകിട നിക്ഷേപകർ സ്വർണം വിറ്റഴിച്ചതാണു കാരണം. സംസ്ഥാനത്ത് പവന് 280 രൂപ കുറഞ്ഞു. അതേസമയം രാജ്യാന്തര വിപണിയിൽ തിരിച്ചുവരവു പ്രകടമാണ്.