രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ (ക്രൂഡോയിൽ) വിലയിൽ വീണ്ടും വർധന. തുടർച്ചയായി രണ്ടാം ആഴ്ചയിലും വർധന രേഖപ്പെടുത്തിയാണ് പ്രധാനപ്പെട്ട ക്രൂഡോയിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ ഈ വ്യാപാര ആഴ്ചയിൽ ക്ലോസ് ചെയ്തത്. ആഗോള സമ്പദ്ഘടന മെച്ചപ്പെടുകയും അതിലൂടെ ഡിമാൻഡ് വർധിക്കുമെന്നുമുള്ള നിഗമനവും പശ്ചിമേഷ്യയിലെ സംഘർഷം കാരണം വിതരണ ശൃംഖല തടസ്സപ്പെടുമോയെന്നുള്ള ആശങ്കയുമാണ് ക്രൂഡോയിൽ വിലക്കയറ്റത്തിലേക്ക് നയിച്ച ഘടകങ്ങൾ
വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ബ്രെന്റ് ക്രൂഡോയിൽ ഫ്യൂച്ചേഴ്സ്, 1.12 ഡോളർ അഥവാ 1.4 ശതമാനം ഉയർന്ന് 83.55 ഡോളർ നിലവാരത്തിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചേഴ്സ്. 0.65 ഡോളർ അഥവാ 0.80 ശതമാനം വർധനയോടെ 78.01 ഡോളറിലുമാണ് ക്ലോസ് ചെയ്തത്. 2023 നവംബർ 30നു ശേഷം ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലനിലവാരമാണിത്.
അതുപോലെ ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ 6 ശതമാനത്തിലധികം നേട്ടവും പ്രധാനപ്പെട്ട രണ്ട് ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രായേലും പലസ്തീൻ സായുധ സംഘടനയായ ഹമാസും തമ്മിൽ സംഘർഷം ആരംഭിച്ചതിനു പിന്നാലെ. 2023 ഒക്ടോബർ 13നു ശേഷം, ഒരു വ്യാപാര ആഴ്ച കാലയളവിനിടെ ക്രൂഡോയിൽ കോൺട്രാക്ടുകളിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വർധനയുമാണിത്.