രാജ്യാന്തര വിപണിയില്‍ എണ്ണ വില വീണ്ടും 75 ഡോളറിനു മുകളിലെത്തി

oil

ദോഹ : രാജ്യാന്തര വിപണിയില്‍ എണ്ണ വില വീണ്ടും 75 ഡോളറിനു മുകളിലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വെള്ളിയാഴ്ച ബാരലിന് 75.67 ഡോളറിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇറാനെതിരായ യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ലഭ്യത കുറയുന്നതാണ് വില ഉയരാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.

ഒപെക് രാജ്യങ്ങളില്‍ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പാദകരാണ് ഇറാന്‍. ഇറാന്റെ പ്രതിദിന ഉല്‍പാദനത്തില്‍ ഇപ്പോള്‍ തന്നെ ഏഴു ലക്ഷം ബാരലിന്റെ ഇടിവു വന്നെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. നവംബറിനകം ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതിനാല്‍ എണ്ണ വില വര്‍ധിക്കുന്നത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ കുറവു വരുത്തുന്നതായാണ്‌ സൂചന ലഭിച്ചിരിക്കുന്നത്. ഇതിനു പകരം മറ്റു രാജ്യങ്ങളില്‍ നിന്ന് നിന്ന് എണ്ണ വാങ്ങേണ്ടി വരുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്കു ചെലവു കൂട്ടും. താരതമ്യേന കുറഞ്ഞ നിരക്കിലാണ് ഇറാന്‍ ഇന്ത്യയ്ക്കു എണ്ണ ലഭ്യമാക്കുന്നത്.

Top