അജ്ഞാതര്‍ പിന്തുടരുന്നു; ക്രൂയിസ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ഓഫീസറുടെ സുരക്ഷ കൂട്ടി

മുംബൈ: അജ്ഞാതര്‍ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കെഡെയുടെ സുരക്ഷ വര്‍ധിപ്പിച്ചു. മുംബൈ പൊലീസാണ് എന്‍.സി.ബി. ഉദ്യോഗസ്ഥന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. വാങ്കെഡെയുടെ അംഗരക്ഷകരുടെയും സായുധ സുരക്ഷാഭടന്മാരുടെയും എണ്ണം വര്‍ധിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത് വാങ്കഡെയാണ്.

ഇനിമുതല്‍ സമീര്‍ വാങ്കെഡെ തന്നെയാകും തന്റെ വാഹനം ഓടിക്കുക. മുംബൈയിലെ എന്‍.സി.ബി. ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. തന്നെ ചിലര്‍ പിന്തുടരുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പാണ് സമീര്‍ വാങ്കെഡെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

ഒഷിവാരയിലെ രണ്ട് പൊലീസുകാരാണ് തന്നെ പിന്തുടരുന്നതെന്നും അമ്മയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയസമയത്തും ഇവര്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, സമീര്‍ വാങ്കെഡെയെ നിരീക്ഷിക്കാനോ പിന്തുടരാനോ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീലിന്റെ പ്രതികരണം.

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് സമീര്‍ വാങ്കെഡെയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ എന്‍.സി.ബിക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്ക് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പൊലീസുകാരടക്കം തന്നെ പിന്തുടരുന്നതായി സമീര്‍ വാങ്കെഡെ പരാതി നല്‍കിയത്.

 

Top