ചെന്നൈയില്‍ എഫ്‌സിയുടെ പുതിയ പരിശീലകനായി സാബ ലാസ്‌ലോയ്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി പുതിയ പരിശീലകനെ നിമയമിച്ച് ചെന്നൈയിന്‍ എഫ്സി. ഹംഗറിക്കാരനായ സാബ ലാസ്ലോയാണ് ചെന്നൈയിന്‍ എഫ്‌സി പരിശീലക സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 56കാരനായ സാബ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.

എട്ട് രാജ്യങ്ങളിലെ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സാബ ഉഗാണ്ട, ലിതിയാനിയ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ചെന്നൈയിന്റെ പരിശീലകനായിരുന്ന ഓവന്‍ കോയില്‍ ജംഷഡ്പൂര്‍ എഫ്സിയിലേക്ക് പോയതിന് പകരമാണ് സാബയെ ചെന്നൈയിന്‍ പരിശീലകനാക്കിയത്.

‘ചെന്നൈയിന്‍ എഫ്സിയുടെ പരിശീലകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ആറ് വിജയകരമായ വര്‍ഷങ്ങള്‍ പിന്നിട്ട ചെന്നൈയിനില്‍ ചേരാന്‍ സാധിച്ചത് അനുഗ്രഹമാണ്. എല്ലായ്പ്പോഴും മികച്ച പിന്തുണ നല്‍കുന്ന ആരാധകരുമായി കുടുംബം പോലെ ബന്ധം പുലര്‍ത്തുന്ന ക്ലബ്ബാണ് ചെന്നൈയിനെന്നാണ് എന്റെ വിശ്വാസം’-സാബ പറഞ്ഞു. സഹ പരിശീലകരോടൊപ്പം ചെന്നൈയിനെ ഉയരങ്ങളിലേക്കെത്തിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2005ല്‍ ഹംഗേറിയന്‍ ക്ലബ്ബ് ഫെറിന്‍കാറോസിയുടെ പരിശീലകനായിരുന്ന സാബ ആ വര്‍ഷത്തെ ഹംഗറിയിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. 2006ല്‍ ഉഗാണ്ടയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത സാബ 2008 വരെ അവിടെ തുടര്‍ന്നു. സാബ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ 167ാം സ്ഥാനത്തായിരുന്ന ഉഗാണ്ടയെ 97ാം സ്ഥാനത്തേക്കെത്തിച്ചായിരുന്നു അദ്ദേഹം പടിയിറങ്ങിയത്.

Top