ഉദ്ഘാടന മത്സരത്തില്‍ നിന്നും പിന്മാറി സിഎസ്‌കെ താരം റുതുരാജ് ഗെയ്ക്ക്വാദ്

ദുബായ് : ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്ക്വാദ് പിന്‍മാറി. മുംബൈ ഇന്ത്യന്‍സിനെതിരെ ശനിയാഴ്ചയാണ് സിഎസ്‌കെ കന്നിയങ്കത്തില്‍ ഏറ്റുമുട്ടുന്നത്. നേരത്തേ ടീമംഗം ദീപക് ചഹറിനൊപ്പം കൊവിഡ് സ്ഥിരീകരിച്ച സിഎസ്‌കെ താരമായിരുന്നു റുതുരാജ്. കൊവിഡില്‍ നിന്നും മുക്തനാവാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് റുതുരാജിന് ആദ്യ മല്‍സരം നഷ്ടമായത്.

ഗെയ്ക്വാദിന്റെ കാര്യത്തില്‍ ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടി കാത്തിരിക്കുകയാണ്.  ടീം ഹോട്ടലിനു പുറത്ത് ഐസൊലേഷനില്‍ കഴിയുകയായിരുന്നു റുതുരാജ്. രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ കഴിഞ്ഞപ്പോള്‍ താരത്തില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. എന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി തന്നെ തുടരുകയായിരുന്നു.

ചഹര്‍, റുതുരാജ് എന്നിവരെക്കൂടാതെ മറ്റുള്ള 11 പേര്‍ സപ്പോര്‍ട്ട്സ് സ്റ്റാഫുമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിഎസ്‌കെ സംഘത്തിലെ മറ്റുള്ളവര്‍ക്കു ഒരാഴ്ച കൂടി ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു. പെരുമാറ്റച്ചട്ടമനുസരിച്ച് കൊവിഡ് സ്ഥിരീകരിക്കുന്ന താരം രണ്ടാഴ്ചയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനു ശേഷമുള്ള രണ്ടു കൊവിഡ് ടെസ്റ്റുകളില്‍ ഫലം നെഗറ്റിവ് ആവുകയും ചെയ്താല്‍ മാത്രമേ താരത്തെ ടീമിന്റെ ബയോ ബബ്‌ളിന്റെ ഭാഗമാക്കുകയുള്ളൂ. അടുത്തടുത്ത ദിവസങ്ങളിലായിരിക്കും ഈ ടെസ്റ്റുകള്‍ സംഘടിപ്പിക്കുക. ഇവയുടെ ഫലം നെഗറ്റിവായാല്‍ താരത്തിനു പരിശീലനം പുനരാരംഭിക്കാം.

റുതുരാജിന്റെ കന്നി ഐപിഎല്‍ കൂടിയാണ് ഇത്തവണത്തേത്. ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയ സുരേഷ് റെയ്‌നയ്ക്കു പകരം റുതുരാജ് സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ എത്തുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. കൊവിഡ് വില്ലനായത് സിഎസ്‌കെയ്ക്കു അപ്രതീക്ഷിത തിരിച്ചടിയായി മാറിയിരിക്കുകയാണ് . ഇനി വാട്‌സന്റെ ഓപ്പണിങ് പങ്കാളിയായ മുരളി വിജയ് കളിക്കുമെന്നാണ് വിവരം.

Top