ലക്ഷങ്ങൾക്ക് ജീവൻ നൽകിയവരോട് അമേരിക്കയുടേത് കൊടിയ അനീതി

തിജീവനമെന്നാല്‍ അതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് വിപ്ലവ ക്യൂബ. അമേരിക്കയുടെ മൂക്കിന് തുമ്പിലുള്ള ഈ രാജ്യത്തെ നശിപ്പിക്കുവാന്‍ സാധ്യമായ സകല അടവുകളും പയറ്റിയ രാജ്യമാണ് അമേരിക്ക. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ രക്ത താരകമായിരുന്ന ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ അമേരിക്ക നടത്തിയിരുന്നത് 638 ശ്രമങ്ങളായിരുന്നു. സി.ഐ.എയുടെ നേതൃത്വത്തിലായിരുന്നു ഈ ശ്രമങ്ങളെല്ലാം നടന്നിരുന്നത്. ഇപ്പോള്‍ ഫിഡല്‍ കാസ്‌ട്രോയുടെ പിന്‍ഗാമികള്‍ക്കെതിരെയും പഴയ ഈ പക തുടരുകയാണ് അമേരിക്ക.

അധികാരം കൈമാറുന്നതിന് തൊട്ടു മുന്‍പാണ് ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ട്രംപ് ഭരണകൂടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യൂബ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതായും ഭീകരതയെ പിന്തുണക്കുന്നതായും ആരോപിച്ചാണ് ഈ പകപോക്കല്‍ നടപടി. ഭീകരതയെ പിന്തുണക്കുന്നത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെയുള്ള ധാരണകള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നും അമേരിക്ക ആരോപിച്ചിട്ടുണ്ട്. 1982 ല്‍ അന്നത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ് ക്യൂബയെ ആദ്യമായി ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ ഒബാമ സര്‍ക്കാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ക്യൂബയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നത്. ഒബാമയുടെ സഹപ്രവര്‍ത്തകനായ ജോ ബൈഡെന്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കുന്നതിന് തൊട്ടു മുന്‍പാണ് വീണ്ടുമിപ്പോള്‍ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ക്യൂബയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയുമായി ഏറെ അടുപ്പമുള്ള ബ്രിട്ടണും ഇറ്റലിയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് പോലും ബോധ്യപ്പെടാത്ത നടപടിയാണിത്. ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബയെ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ പുതുതായി ചുമതല ഏല്‍ക്കുന്ന അമേരിക്കന്‍ ഭരണകൂടത്തോട് ബ്രിട്ടണും ഇറ്റലിയും ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഈ രാജ്യങ്ങളെ സംബന്ധിച്ചും ഒരിക്കലും മറക്കാന്‍ പറ്റാത്ത സേവനങ്ങള്‍ ജീവന്‍ പണയം വച്ചും നല്‍കിയ രാജ്യമാണ് ക്യൂബ. കൊറോണ വൈറസ് ഇറ്റലിയെയും ബ്രിട്ടണെയും ശവപറമ്പാക്കി മാറ്റിയപ്പോള്‍ സഹായ ഹസ്തവുമായി കുതിച്ചെത്തിയ രാജ്യമാണ് ക്യൂബ. മറ്റു രാജ്യങ്ങളെല്ലാം സ്വയം രക്ഷ നോക്കിയപ്പോള്‍ ലോകത്തിന്റെ രക്ഷയാണ് ക്യൂബ നോക്കിയിരുന്നത്.

ലോകത്ത് ഏറ്റവും അധികം ആരോഗ്യ പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതും ക്യൂബയില്‍ തന്നെയാണ്. നിരവധി മഹാമാരികളെ അതിജീവിച്ച ചരിത്രമാണ് ഈ ചുവപ്പ് രാജ്യത്തിന് പറയാനുള്ളത്. ലോകമൊട്ടാകെ കൊലയാളി വൈറസുകള്‍ താണ്ഡവ നൃത്തമാടിയപ്പോള്‍ 37 രാജ്യങ്ങള്‍ക്കാണ് ക്യൂബ മെഡിക്കല്‍ പിന്തുണ നല്‍കിയിരുന്നത്. നിലവില്‍ 59 രാജ്യങ്ങള്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സഹായത്തിന് പുറമെയായിരുന്നു ഇത്. 1960ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷമാണ് അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുളളവര്‍ക്ക് എത്തിക്കുന്നതില്‍ ക്യൂബ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നത്.

 

ചിലിയില്‍ അയ്യാരത്തിലധികം പേര്‍ ഭൂമി കുലുക്കത്തില്‍ കൊല്ലപ്പെട്ടപ്പോഴും യുദ്ധം വലച്ച അള്‍ജീരിയയിലും ക്യൂബ തങ്ങളുടെ മെഡിക്കല്‍ സംഘത്തെ യുദ്ധകാല അടിസ്ഥാനത്തിലാണ് നിയോഗിച്ചിരുന്നത്. ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ സഹായത്താലാണ് ക്യൂബ വികസിത രാഷ്ട്രങ്ങളെ മറികടക്കുന്ന തരത്തില്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിച്ചിരുന്നത്.

അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ആവശ്യ മരുന്നുകളുടെ ലഭ്യത ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ക്യൂബയില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം തരണം ചെയ്താണ് ആ രാജ്യം മുന്നോട്ട് പോയിരുന്നത്. ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്‌പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനമാണ് വിഭാവനം ചെയ്യുന്നത്. ക്യൂബയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത് തന്നെ താനൊരു പൊതു സേവകനാണ് എന്ന തിരിച്ചറിവോട് കൂടെയാണ്. മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളാണ് വിദ്യാര്‍ത്ഥികളെ ഇതിനായി പ്രാപ്തരാക്കുന്നത്.

 

ആരോഗ്യ പരിരക്ഷ എന്നത്, ലോകത്തെ ഓരോ വ്യക്തിയുടെയും അവകാശമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്യൂബന്‍ ആരോഗ്യ മേഖലയും പ്രവര്‍ത്തിക്കുന്നത്. മരണത്തെ ഭയമില്ലാത്ത വിപ്ലവകാരികളായ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യൂബയുടെ എക്കാലത്തെയും കരുത്ത്. ധീര വിപ്ലവകാരി ചെഗുവേരയുടെ സ്വപ്നമാണ്, ഫിഡല്‍ കാസ്‌ട്രോ രാജ്യത്ത് നടപ്പാക്കിയിരുന്നത്. കാസ്‌ട്രോയുടെ മരണത്തിന് ശേഷവും അദ്ദേഹം തെളിച്ച പാതയിലൂടെ തന്നെയാണ് ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴും മുന്നോട്ട് പോകുന്നത്.

ഇറ്റലിയിലെ മരണമുഖത്ത് വിമാനമിറങ്ങിയപ്പോഴും ക്യൂബന്‍ സംഘത്തിന്റെ കയ്യില്‍ കാസ്‌ട്രോയുടെയും ചെഗുവേരയുടെയും ചിത്രമുണ്ടായിരുന്നു. നടു കടലില്‍പ്പെട്ട ബ്രിട്ടീഷ് കപ്പലിലെ നൂറ് കണക്കിന് കൊറോണ ബാധിതരെ രക്ഷിച്ച് സുരക്ഷിത സ്ഥലതെത്തിച്ചതും കമ്മ്യൂണിസ്റ്റ് ക്യൂബയാണ്. സൗഹൃദ രാജ്യങ്ങള്‍ കൈമലര്‍ത്തിയടത്താണ് ശത്രുരാജ്യം, ബ്രിട്ടനും ഇറ്റലിക്കുമെല്ലാം കൈ കൊടുത്തിരുന്നത്. ഇത് ഈ ലോകം കണ്ട വലിയ കാഴ്ചയാണ്. അതുകൊണ്ട് തന്നെയാണ് അമേരിക്കയുടെ പുതിയ തീരുമാനം ബ്രിട്ടണെയും ഇറ്റലിയെയും വരെ ഞെട്ടിച്ച് കളഞ്ഞിരിക്കുന്നത്. ക്യൂബ എന്ന കമ്യൂണിസ്റ്റ് രാജ്യം നിലനില്‍ക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ഈ മുതലാളിത്വ രാജ്യങ്ങള്‍ക്കുമുണ്ട്. അനുഭവം അവരെ,ൃ ശരിക്കും അത് പഠിപ്പിച്ചു കഴിഞ്ഞു.

കോവിഡ് മാറ്റിയ മനസ്സാണത്. തങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കക്ക് കുടപിടിച്ചവര്‍ക്കും അതിജീവനത്തിന് കരുത്ത് പകരുക എന്ന വേറിട്ടൊരു ദൗത്യമാണ് ക്യൂബ ഇപ്പോഴും നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഇതുപോലെ ചിന്തിക്കാന്‍ കഴിയുകയില്ല. മാനവരാശിയുടെ അതിജീവനത്തിനായി എല്ലാം മറന്ന് ലോകത്തെ സഹായിക്കാന്‍ തയ്യാറായ ആ രാജ്യത്തെയാണിപ്പോള്‍ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കിയതാണോ ഭീകര പ്രവര്‍ത്തനമെന്നതിന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡെനും അമേരിക്കയുടെ ഒപ്പമുള്ള രാജ്യങ്ങളുമാണ് ഇനി മറുപടി പറയേണ്ടത്. ലോകം ഉറ്റുനോക്കുന്നതും ആ മറുപടിക്കായാണ്.

Top