റോം: കൊറോണയെന്ന മഹാമാരിയില്‍ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുകയാണ് ഇറ്റലി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാളും കൂടുതല്‍ മരണമാണ് ഇതിനോടകം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കൊറോണ സംഹാര താണ്ഡവമാടുന്ന ഇറ്റലിയ്ക്ക് സഹായ ഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്യൂബ.
കൊറോണയെ പ്രതിരോധിക്കാനായി തങ്ങളുടെ വൈദ്യസംഘത്തെ ഇറ്റലിയിലേക്ക് അയച്ചിരിക്കുകയാണ് ക്യൂബ.ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്നതാണ് 52അംഗ സംഘം. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ച ഇറ്റലിയിലെ ലോംബാര്‍ഡിലേക്കാണ് മെഡിക്കല്‍ സംഘം എത്തുക.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇറ്റലിക്കു പുറമേ വെനസ്വേല, നിക്കാരഗ്വ, ജമൈക്ക,സുരിനാം, ഗ്രനേഡ എന്നിവിടങ്ങളിലേക്കും ക്യൂബ വൈദ്യസംഘത്തെ അയച്ചിരുന്നു. ഇതാദ്യമായല്ല മഹാമാരികളുടെ സമയത്ത് വിദേശരാജ്യങ്ങളിലേക്ക് ക്യൂബ വൈദ്യസംഘത്തെ അയക്കുന്നത്. ഹെയ്തിയില്‍ കോളറയുടെ സമയത്തും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ടപ്പോഴും ക്യൂബ വൈദ്യസംഘങ്ങളെ അയച്ചിരുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 59,138പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ 7,024പേര്‍ രോഗമുക്തി നേടി. 5,476പേര്‍ മരിച്ചു.