അതിജീവനത്തിന് പുതിയ പോരാട്ടം, മാതൃകയാകുന്നത് കമ്മ്യൂണിസ്റ്റുകള്‍

രു പ്രതിസന്ധി ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ കമ്യൂണിസ്റ്റുകള്‍ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

മനുഷ്യര്‍ കൈകോര്‍ത്തു പിടിച്ചാല്‍ പൊട്ടിക്കാനാവാത്ത ചങ്ങലകളില്ലന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ പ്രത്യയ ശാസ്ത്രമാണിത്.

ലോകത്തെ സ്വന്തം അധിനിവേശത്തിലാക്കാന്‍ ജൈത്രയാത്ര നടത്തിയ ഹിറ്റ്‌ലറുടെ സേനയെ തകര്‍ത്ത് തരിപ്പണമാക്കിയതും സ്റ്റാലിന്റെ ചെമ്പടയാണ്. വലിയ ഒരു വിപത്തില്‍ നിന്നാണ് അന്ന് ലോകത്തെ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടം രക്ഷിച്ചിരുന്നത്.

കാലം മാറി ഇന്ന് കൊറോണ എന്ന മഹാമാരിയാണ് ലോകത്തെ വിറപ്പിക്കുന്നത്.

182 രാജ്യത്തെ ബാധിച്ച ഈ കൊലയാളി വൈറസ് ഇതിനകം തന്നെ കൊന്നു തള്ളിയത് പതിനായിരങ്ങളെയാണ്. ഓരോ നിമിഷവും നിരവധി പേരാണ് ലോകത്ത് പിടഞ്ഞ് വീഴുന്നത്.

ഈ വൈറസിന്റെ കെടുതി ഏറ്റവും കുടുതല്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഇറ്റലിയാണ് എത്ര പേര്‍ മരിച്ചെന്ന് തിട്ടപ്പെടുത്താന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിസഹായതയോടെ കൈ മലര്‍ത്തുന്ന പ്രധാനമന്ത്രിയെ നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ ആ രാജ്യത്തെ ജീവനുള്ള മനസ്സുകള്‍ക്കിപ്പോള്‍ കഴിയുന്നൊള്ളൂ.

മരണം വിളയാടുന്ന ഈ മണ്ണില്‍ രക്ഷകരായി ലാന്‍ഡ് ചെയ്തിരിക്കുന്നത് കമ്യൂണിസ്റ്റ് ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. മഹാമാരിയെ തടയുന്നതിനായി പുറപ്പെടുന്ന കമ്യൂണിസ്റ്റ് ക്യൂബയിലെ ആറാമത്തെ ടീമാണിത്. യൂറോപ്പിലേക്കുള്ള ആദ്യ ടീമും ഇതു തന്നെയാണ്. ചൈനയിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ ക്യൂബന്‍ സംഘവും പുതിയ ദൗത്യമേറ്റെടുത്തിട്ടുണ്ട്.

സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചും ഈ സാഹസത്തിന് ഈ കമ്യൂണിസ്റ്റുകളെ പ്രേരിപ്പിക്കുന്നത് പ്രത്യേയശാസ്ത്രപരമായ ഉള്‍കരുത്താണ്.

വെനസ്വേല, നിക്കരാഗ്വ,ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവടങ്ങളിലും നിലവില്‍ ക്യൂബന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

‘വിപ്ലവകരമായ ചുമതല നിറവേറ്റതുണ്ട്, അതിനായി ഭയത്തെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തുകയാണെന്നാണ് ക്യൂബന്‍ സംഘത്തിലെ ഡോ: ലിയോണാര്‍ഡോ ഫെര്‍ണാണ്ടസ് വ്യക്തമാക്കിയിരിക്കുന്നത്.

‘ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ലന്നും റെവല്യൂഷനറി ഡോക്ടര്‍മാരാണെന്നുമാണ് ‘അദ്ദേഹം പറയുന്നത്. ലൈബീരിയയില്‍ എബോള കൊടും ഭീതി വിതച്ചപ്പോള്‍ സാന്ത്വനമേകിയ ക്യൂബന്‍ സംഘത്തിലും ഫെര്‍ണാണ്ടസ് അംഗമായിരുന്നു.

ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ക്യൂബന്‍ സംഘം ഇപ്പോള്‍ പറന്നിറങ്ങിയിരിക്കുന്നത്.

തകര്‍ന്ന് തരിപ്പണമായ ഇറ്റലിയിലെ ആരോഗ്യ മേഖലക്ക് ഊര്‍ജ്ജം നല്‍കാനും ഈ ക്യൂബന്‍ സംഘത്തിന് ഇനി കഴിയും.

വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത വളര്‍ച്ചയാണ് ആരോഗ്യ രംഗത്ത് ക്യൂബ നിലവില്‍ കൈവരിച്ചിരിക്കുന്നത്.

വിദേശത്തുള്ള ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ പോലും ലോകത്ത് ഏറ്റവും അധികം ഡോക്ടര്‍മാരുള്ളത് ഈ കൊച്ചു രാജ്യത്ത് തന്നെയാണ്.

ലോകത്തിന് ഒരു പ്രശ്‌നം വന്നപ്പോള്‍ ക്യൂബ കാണിച്ച ഈ മനസ്സ് മറക്കില്ലന്നാണ് ജമൈക്കയുടെ ആരോഗ്യ മന്ത്രിയും ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

കിങ്സ്റ്റന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് 140 അംഗ ക്യൂബന്‍ സംഘത്തിന് മന്ത്രി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഇറ്റലിയില്‍, സൈന്യമാണ് ക്യൂബന്‍ സംഘത്തിന് റെഡ് സല്യൂട്ട് നല്‍കി വരവേറ്റത്.

സാമ്പത്തികമായും സൈനികമായും അമേരിക്ക തകര്‍ക്കാന്‍ ശ്രമിച്ചടുത്തു നിന്നാണ് വിപ്ലവ ക്യൂബയുടെ അതിജീവനം.

ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച അമേരിക്കയുടെ സൗഹൃദ രാജ്യമാണ് ഇറ്റലിയും. അതു പോലെ തന്നെ ശത്രുവിന്റെ കരുത്തായ ബ്രിട്ടണ് പോലും ക്യൂബയാണിപ്പോള്‍ ആശ്വാസമായിരിക്കുന്നത്. കൊറോണ ബാധിതരുമായി സഞ്ചരിച്ച ബ്രിട്ടീഷ് കപ്പലിന് തീരത്തടുക്കാന്‍ അനുമതി നല്‍കിയതും അവര്‍ക്ക് ആശ്വാസമേകിയതും ക്യൂബന്‍ ഭരണകൂടമാണ്. സൗഹൃദ് രാജ്യങ്ങള്‍ പോലും കൈവിട്ടപ്പോഴാണ് ബ്രിട്ടന് ക്യൂബ കൈ കൊടുത്തിരിക്കുന്നത്.

ലോകത്ത് ആകമാനം ഉള്ള ഇടത്-വലത് ഭരണകൂടങ്ങള്‍ ഈ മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഈ ഘട്ടത്തില്‍ നമ്മള്‍ പരിശോധിക്കേണ്ടതാണ്.

ലോകത്തെ നമ്പര്‍ വണ്‍ രാജ്യങ്ങളായ അമേരിക്കയിലേയും യൂറോപ്പിലേയും വലതുപക്ഷ ഭരണകൂടങ്ങളുടെയും ഫ്രീ മാര്‍ക്കറ്റ്‌ന്റെയും പോരായ്മകളും തുറന്ന് കാട്ടപ്പെട്ട് കഴിഞ്ഞു. ഈ വീഴ്ചയ്ക്ക് തന്നെയാണ് ഈ രാജ്യങ്ങളെല്ലാം ഇപ്പോള്‍ വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നത്.

എന്നാല്‍ ചെമ്പട ഭരിക്കുന്ന രാജ്യങ്ങളുടെ സ്ഥിതി അതല്ല. യുക്തിപരമായും ചങ്കുറപ്പോടെയുമാണ് ഈ രാജ്യങ്ങള്‍ കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈന അതിനെ നേരിട്ട രീതിതന്നെ, കണ്ട് പഠിക്കേണ്ടതാണ്. ചങ്കുറപ്പുള്ള ഭരണകൂടത്തിന് മാത്രം സാധ്യമാകുന്നതാണിത്.

ഇറ്റലി യൂറോപ്യന്‍ യൂണിയനോട് പേഴ്സണല്‍ പ്രൊട്ടക്ഷന് വേണ്ടിയുള്ള എക്യുപ്‌മെന്റ് അയച്ചു തരാന്‍ ആവശ്യപ്പെട്ടിട്ടും, ഒരൊറ്റ യൂറോപ്യന്‍ രാജ്യവും തിരിഞ്ഞ് നോക്കിയിരുന്നില്ല. ഈ മുതലാളിത്ത രാജ്യത്തെ സഹായിച്ചതും ചൈനയാണ്.

രോഗം പകരാതിരിക്കാന്‍ ചൈന ‘വുഹാന്‍’ എന്ന പ്രവിശ്യ ഷട്ട്ഡൗണ് ചെയ്തപ്പോള്‍ അത് ജനവിരുദ്ധ നടപടിയായും ഇതേ സംഭവം ഇറ്റലി ചെയ്തപ്പോള്‍ ‘യൂറോപ്പിനെ രക്ഷിക്കാന്‍ ഉള്ള പ്രതിരോധ നടപടിയായുമാണ് വിലയിരുത്തപ്പെട്ടിരുന്നത്. കുത്തക മാധ്യമങ്ങളുടെ പതിവ് കുത്തിത്തിരിപ്പായിരുന്നു ഇക്കാര്യത്തിലും സംഭവിച്ചിരുന്നത്.

ചൈനയില്‍ വൈറസ് പടര്‍ന്നപ്പോള്‍, പല പാശ്ചാത്യ, ‘ലിബറല്‍’ മാധ്യമങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പിഴവുകള്‍ കണ്ടെത്താനാണ് പരാമാവധി ശ്രമിച്ചത്.

ചൈന സ്വീകരിച്ച കടുത്ത നടപടികള്‍ തന്നെയാണ് ആ രാജ്യത്തിന് തന്നെ ഇപ്പോള്‍ ആകെ രക്ഷയായിരിക്കുന്നത്. ഇതൊരു യാഥാര്‍ത്ഥ്യവുമാണ്.

വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനിലും, പുറത്തുള്ള ഹുബെ പ്രവിശ്യയിലും ഇപ്പോള്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

സ്വന്തം രാജ്യത്ത് വൈറസിന് മൂക്കുകയര്‍ ഇട്ട ചൈന, ഇപ്പോള്‍ മറ്റു ലോകരാജ്യങ്ങളെ സഹായിക്കാനും മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്.

വികസിത രാജ്യങ്ങള്‍ പോലും പകച്ചു നില്‍ക്കുന്ന അവസ്ഥയില്‍ കൊറോണയേ പ്രതിരോധിക്കുന്ന മറ്റൊരു കമ്യൂണിസ്റ്റ് രാജ്യം വിയറ്റ്‌നാമാണ്.

90% ബാക്ടീരിയായെയും, വൈറസിനെയും നശിപ്പിക്കുന്ന മൊബൈല്‍ സ്റ്റര്‍ലൈസേഷന്‍ സംവിധാനം സോഷ്യലിസ്റ്റ് വീയറ്റ്‌നാം തങ്ങളുടെ തെരുവുകളില്‍ സൗജന്യമായി സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം 1000 പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ പറ്റുന്നവയാണിത്.

ചൈനയിലെയും വെനിസ്വേലയിലെയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ക്യൂബന്‍ മരുന്നുകളാണ് ഉപയോഗിച്ച് വരുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് ക്യൂബ ഇപ്പോള്‍ നല്‍കുന്നതും ഇതു തന്നെയാണ്.

രോഗത്തിന് ചികിത്സ നേടാന്‍ എല്ലാ മനുഷ്യനും അവകാശമുണ്ട്. ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ എപ്പോഴും മാനവ രാശിയുടെ പൊതുവായ നേട്ടങ്ങള്‍ക്കായിരിക്കണം ഉപയോഗപ്പെടുത്തേണ്ടത്.

എവിടെ ചികിത്സ നേടണം എന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണുള്ളത്. ഇവിടെയാണ് മുകളില്‍ പറഞ്ഞ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വ്യത്യസ്തമാകുന്നത്.

ഇതെല്ലാം ഒരു രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ചയാണ് പൊതുആരോഗ്യവും വിദ്യഭ്യാസവും മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് എന്നതാണ് കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തേയും നിലപാട്.

ഈ കേരളത്തില്‍പ്പോലും അതിന്റെ തുടര്‍ച്ചയായാണ് ഇടത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കച്ചവട താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി ആരോഗ്യ മേഖലയെ കണ്ടിടത്താണ് മുതലാളിത്ത രാജ്യങ്ങള്‍ക്കിപ്പോള്‍ പിഴച്ചിരിക്കുന്നത്.

കൊലയാളി വൈറസിന് വേട്ടയാടി വിളയാടാന്‍ കൂടുതല്‍ സൗകര്യമായതും ഈ നിലപാട് മൂലം തന്നെയാണ്.

ഹിറ്റ്‌ലര്‍ എന്ന ‘വൈറസിനെ’ തുരത്തിയ കമ്യൂണിസ്റ്റുകളെ തന്നെയാണ് വീണ്ടും ഇപ്പോള്‍ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. കൊറോണയെ തുരത്തുന്നതില്‍ കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ക്യുബയുടേയും ചൈനയുടേയും കാര്യം പറയരുതെന്ന് പരിഹസിക്കുന്ന കേരളത്തിലെ വലത് പക്ഷ വാദികളും കണ്ണ് തുറന്ന് കാണണം ഈ യാഥാര്‍ത്ഥ്യങ്ങള്‍. ഇനി ഇങ്ങനെ പരിഹസിക്കാന്‍ നിങ്ങളുടെ നാവ് പൊങ്ങുകയില്ല. ചുവപ്പ് രാഷ്ട്രീയത്തെ തുടച്ച് നീക്കാന്‍ ശ്രമിച്ച മുതലാളിത്ത രാജ്യങ്ങളുടെ, കണ്ണീര് കൂടി തുടച്ചിട്ടാണ് ചെമ്പട ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Staff Reporter

Top