ആഗോളവല്‍ക്കരണത്തില്‍ രാജ്യവും സംസ്‌ക്കാരവും പ്രധാനം: ആര്‍എസ്എസ്

ന്യൂഡല്‍ഹി: ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തിനും അതിന്റെ സംസ്‌ക്കാരത്തിനുമാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ആര്‍എസ്എസ്. ശരിയായ ആഗോളവല്‍ക്കരണത്തിന് സഹിഷ്ണുതയും പരസ്പര ബഹുമാനവും അംഗീകരിക്കലും കൂടിയേ തീരൂ എന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും പാര്‍ട്ടി ജോയിന്റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാലെ വാഷിംഗ്ടണില്‍ പറഞ്ഞു. വേദാന്തയിലൂടെ ഇന്ത്യ ആഗോളവല്‍ക്കരണത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മനുഷന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ സാമ്പത്തിക ആഗോളവല്‍ക്കരണം ഒരിക്കലും ഒരു ഭീഷണിയാകില്ല. അല്ലാത്ത പക്ഷം അത് മാനവരാശിക്ക് തന്നെ കനത്ത നാശങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തിക മേഖലയില്‍ ആഗോളവല്‍ക്കരണം സാധ്യമാക്കുമ്പോള്‍ രാജ്യങ്ങളുടെയും അവയുടെ സംസ്‌ക്കാരങ്ങളുടെയും പ്രാധാന്യം ഇല്ലാതാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നേരെ മറിച്ചാണ് സംഭവിക്കുന്നതെന്നും ആര്‍എസ്എസ് വക്താവ് അഭിപ്രായപ്പെട്ടു.

വമ്പന്‍ രാജ്യങ്ങള്‍ ആഗോളവല്‍ക്കരണ പ്രക്രിയയില്‍ തങ്ങളുടെ സംസ്‌ക്കാരം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇന്ത്യ വ്യത്യസ്തമാണ്. കൂടുതല്‍ ആശയ വിനിമയ സംവിധാനങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ യത്ഥാര്‍ഥ സംസ്‌ക്കാരം മുറുകെ പിടിക്കാനാണ് ഇന്ത്യന്‍ ജനത ശ്രമിക്കുന്നതെന്നും ഹൊസബാലെ പറഞ്ഞു.

കോളനിവല്‍ക്കരണം വലിയ അളവില്‍ സംസ്‌ക്കാരത്തിന്റെ എല്ലാ കൈമാറ്റങ്ങളും നടത്തി. എന്നാല്‍ ഇന്ത്യ കോളനിവല്‍ക്കരണത്തിനെതിരെ പൊരുതി. അത് തങ്ങളുടെ ഐഡന്റിന്റി നിലനിര്‍ത്തുന്നതിന്റെ കൂടി ഭാഗമായിരുന്നു. പുതിയ കോളനിവല്‍ക്കരണ സാധ്യതകള്‍ പ്രാദേശിക വിഭവ ചൂഷണത്തിന്റെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടത്. നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യന്‍ ജനത. ചൈനയില്‍ നിന്നും ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നതും അതാണ്. സാമൂഹ്യ ഘടനയില്‍ ഒരിക്കലും ഇന്ത്യ കടന്നുകയറാറില്ല.

ഇന്നത്തെ അവസ്ഥയില്‍ ചിന്ത സാങ്കേതിക വിദ്യയില്‍ മാത്രം അധിഷ്ഠിതമാണ്. ഒരുമയില്ലാതെ ഒരുമയ്ക്കു വേണ്ടി ശ്രമിക്കുന്നവരാണ് എല്ലാവരും. അശക്തനെ ശക്തന്‍ ചൂഷണം ചെയ്യുന്നു. എന്നാല്‍ നാനാത്വത്തെ അംഗീകരിച്ചുകൊണ്ടുള്ള വികസനവും ആഗോളവല്‍ക്കരണവുമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ആശയമെന്ന് ദത്താത്രേയ ഹൊസബാലെ വ്യക്തമാക്കി.

Top