ന്യൂഡല്‍ഹി: യുപി-ഗുജറാത്ത് ഉള്‍പ്പെടെ വരാനിരിക്കുന്ന നിര്‍ണ്ണായക നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണ്ണയിക്കുക ‘നോട്ട്’.
കള്ളപ്പണക്കാരെ ലക്ഷ്യമിട്ടതായി കേന്ദ്രസര്‍ക്കാരും ബിജെപിയും, അതല്ല സാധാരണക്കാര്‍ക്ക് നേരെയുള്ള മിന്നല്‍ ആക്രമണമായി പ്രതിപക്ഷവും ആരോപിക്കുന്ന നോട്ട് നിരോധനം തന്നെയാകും തിരഞ്ഞെടുപ്പിലെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രധാന പ്രചരണായുധം.
കള്ളപ്പണക്കാര്‍ക്കെതിരായ നീക്കത്തെ താല്‍ക്കാലികമായി പ്രയാസമുണ്ടാക്കുന്നതാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് കിട്ടിയതെന്ന നിഗമനത്തിലാണ് ബിജെപി നേതൃത്വം.
രാജ്യത്തെ സമ്പദ്ഘടനയെ താറുമാറാക്കുന്ന ശക്തികളെ തകര്‍ക്കുന്നതിനും തീവ്രവാദത്തിനടക്കം ഇത്തരം പണം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടുമാണ് സര്‍ക്കാര്‍ നടപടിയെന്ന് വിശദീകരിച്ച് വ്യാപകപ്രചരണം രാജ്യവ്യാപകമായി നടത്താന്‍ ബിജെപി -ആര്‍എസ്എസ് കേന്ദ്ര നേതൃത്വങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കള്ളപ്പണ ശേഖരമുണ്ടെന്ന് കരുതുന്ന രാഷ്ട്രീയ-വ്യവസായ ഉന്നതരെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡുകള്‍ നടത്താന്‍ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് ധനകാര്യ വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് ഇതിനകം തന്നെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി പണം പിടിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ശക്തമായ സര്‍ക്കാര്‍ ആയതുകൊണ്ടാണ് ശക്തമായ നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ പ്രചരണം തള്ളിക്കളയണമെന്നുമാണ് ബിജെപിയുടെ ആഹ്വാനം.
എന്നാല്‍ കുത്തക മുതലാളിമാര്‍ക്കും അടുപ്പക്കാര്‍ക്കും നിരോധനം മുന്‍കൂട്ടി ചോര്‍ത്തി നല്‍കി സാധാരണക്കാരെ കുഴപ്പത്തിലാക്കുകയാണ് നോട്ട് നിരോധനം വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നാണ് പ്രതിപക്ഷ ആരോപണം.
സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിലെ ഭരണപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയും പ്രതിപക്ഷ കക്ഷിയായ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്.
കള്ളപ്പണ ശേഖരമുള്ളതിനാലാണ് ഈ വിഭ്രാന്തിയെന്നാണ് ബിജെപിയുടെ ആരോപണം.
എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.
തിരഞ്ഞെടുപ്പുകളിലെ പ്രചരണ പൊലിമ കുറക്കാനും 500,1000 നോട്ടുകളുടെ നിരോധനം വഴിവയ്ക്കും. കോടികളുടെ കള്ളപ്പണം ഏറ്റവുമധികം തിരഞ്ഞെടുപ്പ് സമയത്ത് ഒഴുകുന്ന സംസ്ഥാനമാണ് യുപി.
യുപിയിലെ ഭരണം ബിജെപിക്ക് ഇത്തവണ അനിവാര്യമായതിനാല്‍ സര്‍വ്വസന്നാഹവുമൊരുക്കി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി നീക്കം.
പാളയത്തിലെ പട താല്‍ക്കാലികമായി പരിഹരിച്ച സമാജ് വാദി പാര്‍ട്ടിക്കും വിജയപ്രതീക്ഷ പുലര്‍ത്തുന്ന മായാവതിയുടെ ബിഎസ്പിക്കും അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് നോട്ട് നിരോധനം.
യുപിക്കൊപ്പം പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ,മണിപ്പൂര്‍ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ ബിജെപിക്ക് ആം ആദ്മി പാര്‍ട്ടിയുമായി നേരിട്ടുള്ള മത്സരത്തിനാണ് കളമൊരുങ്ങിയിട്ടുള്ളത്.
മോദി സര്‍ക്കാരിനെ സംബന്ധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണ്ണായകമാണ്.അതുകൊണ്ട് തന്നെയാണ് നോട്ട് നിരോധനത്തെ അനുകൂലമാക്കാന്‍ ബിജെപി ഇപ്പോഴെ ശ്രമം തുടങ്ങിയിരിക്കുന്നത്.
സാധാരണക്കാരുടെ ബുദ്ധിമുട്ട് മുതലെടുത്ത് പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം.