currency ban-ink issue-chennithala statement

തിരുവനന്തപുരം: പണം മാറാന്‍ എത്തുന്നവരുടെ കയ്യില്‍ മഷിപുരട്ടാനുള്ള തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ മഷിയല്ല കൂടുതല്‍ നോട്ടുകളാണ് വേണ്ടത്. നിത്യച്ചെലവിനുള്ള പണം പോലുമില്ലാതെ ആളുകള്‍ നെട്ടോട്ടമോടുകയാണ്. മണിക്കൂറുകളോളം ക്യൂ നിന്നാലെ ചില്ലറ തുക മാറി കിട്ടുകയുള്ളൂ. ആ സാധുക്കളെയെല്ലാം കള്ളപ്പണക്കാരായി മുദ്രകുത്തുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതാണ് ഇപ്പോഴത്തെ കുഴപ്പത്തിന് കാരണം. അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് കള്ളപ്പണക്കാരല്ല, പാവപ്പെട്ട ജനങ്ങളാണ്. അവരെ വീണ്ടും അപമാനിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

നോട്ട് പരിഷ്‌ക്കാരം വന്ന് ഒരാഴ്ചയായിട്ടും ദുരിതത്തിന് അയവ് വന്നിട്ടില്ല. നഗരപ്രദേശങ്ങളെക്കാള്‍ വലിയ ദുരിതം ബാങ്ക് ശാഖകള്‍ അധികമില്ലാത്ത ഗ്രാമ പ്രദേശങ്ങളിലാണ്. അവിടെ എ.ടി.എമ്മുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. കിലോമീറ്ററുകളുടെ ചുറ്റളവില്‍ ഒന്നോ രണ്ടോ ബാങ്കുകളേ ഉള്ളൂ. അവിടെ താങ്ങാനാവാത്ത ജനത്തിരക്കുമാണ്. സഹകരണ ബാങ്കുകളാണ് ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ വഴി മാറ്റാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ അവയുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top