ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ ആദ്യം കയ്പ്നീര്‍ കുടിച്ച ജനങ്ങള്‍ക്ക് അധികം താമസിയാതെ തന്നെ മധുരം നല്‍കാന്‍ മോദി സര്‍ക്കാര്‍ പദ്ധതി.
പലിശ കുറച്ച് വന്‍തോതില്‍ ജനങ്ങള്‍ക്ക് ലോണ്‍ നല്‍കുന്നതിനും ഇതിനായി പ്രത്യേക വായ്പ പദ്ധതികള്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങിയ ടീമിനെ പ്രധാനമന്ത്രി നിയോഗിച്ചിട്ടുണ്ട്.
2017 മുതല്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.
പാവപ്പെട്ടവര്‍ക്കായുള്ള ഒരു കോടി ഭവനപദ്ധതി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക-വ്യാവസായി മേഖലകള്‍ക്ക് കൂടുതല്‍ ആശ്വാസകരമായ നടപടി, റോഡ്, റെയില്‍ വികസനം, സ്വയം തൊഴിലുകളെ പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വര്‍ദ്ധനവ്, ഐടി മേഖലകളിലെ വിപ്ലവകരമായ മുന്നേറ്റം തുടങ്ങി നിരവധി മേഖലകളില്‍ വന്‍ കുതിപ്പാണ് ലക്ഷ്യം. ഇതിന് ഇപ്പോഴത്തെ നോട്ട് നിരോധന നടപടി സഹായകരമാവുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
ബാങ്കുകളില്‍ ഡിപ്പോസിറ്റ് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതും വിവിധ വായ്പകളിലെ അടവുകളെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ തിരിച്ച് അടക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനി ബാങ്കുകളെ സംബന്ധിച്ച് ലോണ്‍ നല്‍കുന്നതിന് ആവശ്യത്തിലേറെ പണമാണ് കയ്യിലിരിക്കുന്നത്. ജനങ്ങള്‍ക്ക് സഹായകരമായ ലളിതമായ വ്യവസ്ഥകള്‍ക്ക് റിസര്‍വ്വ് ബാങ്ക് തന്നെ നിര്‍ദ്ദേശം നല്‍കിയേക്കും.
പുതിയ 2000,500 നോട്ടുകള്‍ വ്യാപകമായി വിതരണത്തിനായി എത്തുന്ന മുറക്ക് വിപ്ലവകരമായ മുന്നേറ്റം രാജ്യത്ത് നടത്താനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
കള്ളപ്പണത്തിന്റെ ഒഴുക്ക് നിലക്കുന്നതിനാല്‍ രൂപയുടെ മൂല്യവും വര്‍ദ്ധിക്കും. കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും തടയപ്പെടുമെന്നതിനാല്‍ ആവശ്യസാധനങ്ങളുടെ വില കുറയാനും കാരണമാകും.
നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്ക് തുടക്കത്തില്‍ നേരിട്ട പ്രയാസം മുതലാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ വന്‍ പദ്ധതികളെ പ്രഖ്യാപിച്ചും ജനക്ഷേമ നടപടികള്‍ സ്വീകരിച്ചും മറി കടക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാക്കുന്നത്.
പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് ടീം മോദി തയ്യാറാക്കുന്നത്.
കേന്ദ്ര പദ്ധതികള്‍ക്കൊപ്പം തന്നെ സംസ്ഥാനങ്ങളുടെ വിഹിതം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്.
തൊഴിലവസരങ്ങള്‍ വ്യാപകമായി സൃഷ്ടിക്കുന്നതിന് ആവശ്യമായ എന്ത് നിര്‍ദ്ദേശവും സ്വീകരിക്കുമെന്ന നിലപാടിലാണ് ടീം മോദി.
ഉത്തര്‍പ്രദേശ്,പഞ്ചാബ്,ഗുജറാത്ത് ഉള്‍പ്പെടെ സുപ്രധാന സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന് മുന്‍പ് തന്നെ പ്രധാന പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തും.
ജനങ്ങളുടെ കറന്‍സി ഉപയോഗം കുറച്ച് ഭാവിയില്‍ ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് സമ്പ്രദായത്തിലേക്ക് എല്ലാവരെയും കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുഴുവന്‍ പേര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചത് തന്നെ ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൂടിയാണ്.
സ്വയം തൊഴില്‍ സംരഭകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വിവിധ ബാങ്കുകളിലെ മാനേജര്‍മാര്‍ തന്നെ അട്ടിമറിക്കുന്നതായ പരാതികള്‍ ലഭിച്ചതിനാല്‍ കര്‍ക്കശനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യമൊന്നും നല്‍കാതെ പ്രോജക്ട് മാത്രം മുന്‍നിര്‍ത്തി 10 ലക്ഷം രൂപ വരെയാണ് ഓരോ വ്യക്തികള്‍ക്കുമായി പ്രധാനമന്ത്രിയുടെ സ്വയംതൊഴില്‍ പദ്ധതിക്കായി നല്‍കിവരുന്നത്.
തിരിച്ചടവില്‍ ഗാരന്റി ഇല്ലാത്തതിനാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കായും അടുപ്പക്കാര്‍ക്കായും ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.
ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതി പരിഷ്‌ക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.