മുംബൈ: വിനിമയ വിപണിയില്‍ വീണ്ടും രൂപയുടെ മൂല്യമിടിയല്‍ തുടരുന്നു. രാവിലെ ഡോളറിനെതിരെ 72.60 എന്ന നിലയില്‍ നിന്ന് 24 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 72.84 എന്ന നിലയിലാണ്.
വെള്ളിയാഴ്ച്ച ഡോളറിനെതിരെ 72.48 എന്ന നിലയിലായിരുന്ന രൂപ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വലിയ ഭീഷണി നേരിടുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ധനവും, യൂറോ, പൗണ്ട് തുടങ്ങിയ കറന്‍സികളുടെ മൂല്യമിടിഞ്ഞതുമാണ് രൂപയ്ക്ക് ഭീഷണിയാവുന്നത്. ആഗോള വിപണിയില്‍ ബാരലിന് 83 ഡോളറാണ് ഇന്നത്തെ ക്രൂഡിന്റെ വില.
രാജ്യത്തേക്ക് കൂടുതല്‍ വിദേശനാണ്യം വരുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും നടപടിയുണ്ടാകുമെന്നു ഗവണ്‍മെന്റ് പ്രഖ്യാപിച്ചെങ്കിലും നടപടികളായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും, വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക് കരകയറാനായിട്ടില്ല.