ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30ന് ശേഷവും തുടരണമെന്ന് ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആവശ്യത്തിന് നോട്ടുകള്‍ ബാങ്കുകളില്‍ എത്തുന്നത് വരെ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിക്കും.
ഈ സമയത്ത് പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണ് നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യവുമായി ബാങ്കുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിച്ചത്.
നിലവില്‍ എടിഎമ്മുകള്‍ വഴി ദിവസത്തില്‍ 2,500 രൂപ മാത്രമാണ് ഒരാള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുക. ആഴ്ചയില്‍ പരമാവധി 24,000 രൂപ മാത്രമേ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാനും സാധിക്കു.
ബാങ്കുകളുടെ ആവശ്യത്തിന്‍മേല്‍ വെള്ളിയാഴ്ച കേന്ദ്ര ധനകാര്യമന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അച്ചടിച്ച പുതിയ നോട്ടുകളുടെ ലഭ്യത പരിഗണിച്ചാകും തീരുമാനം.
എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കുമെന്ന സൂചനകള്‍ ബാങ്കുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം 500 രൂപ നോട്ടുകളുടെ അഭാവം ബാങ്കുകള്‍ ധനകാര്യ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്.
500ന്റെ നോട്ടുകള്‍ കൂടുതലായി എത്തിയാല്‍ കുറഞ്ഞ തുകയുടെ നോട്ടുകള്‍ വ്യാപാരികള്‍ പിടിച്ചുവെച്ചിരിക്കുന്നത് കുറയ്ക്കുമെന്നും അത് വിപണിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും ബാങ്കുകള്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്.
ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം അസാധുവാക്കിയ 15ലക്ഷം കോടിയോളം രൂപയുടെ നോട്ടുകളില്‍ 12.44 ലക്ഷം കോടി തിരികെ എത്തിയിട്ടുണ്ട്. ഇതിന് ശേഷമുള്ള കണക്കുകള്‍ ഡിസംബര്‍ 30 ന് പുറത്തുവിട്ടേക്കും.