കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ നിലവിലെ എംപിമായ എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ആര്‍എസ്പി നേതാവും നിലവിലെ എംപിമായ എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുള്ളത് ഉറപ്പിച്ചു. പ്രേമചന്ദ്രന് പറ്റിയ എതിരാളിയെ കണ്ടെത്താനാന്‍ എല്‍ഡിഎഫിനായിട്ടില്ല. ബിജെപിക്ക് ഇത്തവണ സര്‍പ്രൈസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്.

കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയെയും ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി രമ, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. എന്നാല്‍ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി ആയിരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൊല്ലത്ത് അടുത്ത ദിവസം ആര്‍എസ്പി സ്ഥാനാര്‍ഥിയായി എന്‍ കെ പ്രേമചന്ദ്രനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എതിരില്‍ ശക്തരെ നിര്‍ത്തിയാല്‍ ഒരു പക്ഷേ തിരഞ്ഞെടുപ്പ് അല്‍പ്പം മുറുകും.ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് ജില്ലയ്ക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. എം സ്വരാജ്, സി എസ് സുജാത എന്നിവരെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്. കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ച്ചയായ പരാജയപ്പെടുന്ന സാഹചര്യത്തില്‍ എന്ത് വില കൊടുത്തും വിജയം നേടാന്‍ ഉള്ള ശ്രമം നടത്തും.

സിറ്റിംഗ് എംപിയായ എന്‍ കെ പ്രേമചന്ദ്രനെതിരായി ആരെ കളത്തില്‍ ഇറക്കുമെന്ന് ചര്‍ച്ച ഇതുവരെയും എല്‍ഡിഎഫില്‍ അവസാനിച്ചിട്ടില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ കെ എന്‍ ബാലഗോപാല്‍, എം എ ബേബി എന്നീ അതികായരെ പരാജയപ്പെടുത്തിയ പ്രേമചന്ദ്രനോട് ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ളവര്‍ ജില്ലയില്‍ ഇല്ലെന്നാണ് പൊതുവിലയിരുത്തല്‍. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി കെ ഗോപന്‍, മുകേഷ് എം എല്‍ എ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം എന്നിവരുടെ പേര് പരിഗണനയില്‍ ഉണ്ടെങ്കിലും സിപിഐഎമ്മിന് വിജയ പ്രതീക്ഷയില്ല.

Top