മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമിന്റെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ സ്റ്റാര്‍ ഇന്ത്യക്ക് താല്‍പര്യമില്ല.
മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് സ്റ്റാര്‍ ഇന്ത്യയുടെ ഈ തീരുമാനം. ടീം ഇന്ത്യ ജേഴ്‌സിയുടെ സ്‌പോണ്‍സര്‍മാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തില്‍ കമ്പനി പങ്കെടുക്കില്ല.
ഞങ്ങളുടെ പേര് ടീം ഇന്ത്യ ജേഴ്‌സിയില്‍ കാണുന്നത് വളരെ അഭിമാനമായിരുന്നു. എന്നാലിപ്പോള്‍ ഒരു അസ്ഥിരത നിലനില്‍ക്കുന്നു.
ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ ഉദയ് ശങ്കര്‍ പറഞ്ഞു. സ്റ്റാര്‍ ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. ഐ.സി.സി ബി.സി.സി.ഐ നിലപാടുകളുടെ വൈരുദ്ധ്യവും, കളിയുടെ വളര്‍ച്ചക്ക് തടസ്സമുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്നതുമാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചന.
ബി.സി.സി.ഐ സമീപകാലത്ത് സൃഷ്ടിച്ച നിയമപോരാട്ടങ്ങളും കാരണമായിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരിക്കുന്നത് സുപ്രിംകോടതി നിയോഗിച്ച വിനോദ് റായ് യുടെ നേതൃത്വത്തിലുള്ള സമിതിയാണ്.
സ്റ്റാര്‍ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാര്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ അവസാനിക്കും. പുതിയ സ്‌പോണ്‍സര്‍മാരായി മൊബൈല്‍ ഡിജിറ്റല്‍ രംഗത്തെ അതികായരെയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ പേയ്‌മെന്റ് പോര്‍ട്ടലുകളില്‍ ഒന്നായ പേടീഎം സ്‌പോണ്‍സര്‍ സ്ഥാനത്തേക്ക് വരും. നിലവിലെ ബി.സി.സി.ഐ മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാരാണ് പേടിഎം. രാജ്യത്താകമാനം ഇന്റര്‍നെറ്റ് സൗജന്യമായി കൊടുത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയാണ് സാധ്യത ലിസ്റ്റിലുള്ള മറ്റൊരു കമ്പനി.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ സ്‌പോണ്‍സര്‍മാരെ കാണാം.
സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജേഴ്‌സിയിലാണ് സ്‌പോണ്‍സര്‍ഷിപ്പ്. 2013 ഡിസംബറിലാണ് സഹാറയില്‍ നിന്ന് സ്റ്റാര്‍ ഇന്ത്യ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്.