‘കറി ആന്‍ഡ് സയനൈഡ്: ജോളി ജോസഫ് കേസ്’ പ്രദര്‍ശനം തടയണം; ഹര്‍ജി നല്‍കി കൂടത്തായി കേസ് രണ്ടാം പ്രതി

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ‘കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ഹര്‍ജി. നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് കൂടത്തായി കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ്. ‘കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. പ്രോസിക്യൂഷന്റെ മറുപടിക്കായി കേസ് ജനുവരി 29ലേയ്ക്ക് മാറ്റി.

കൂടത്തായി കേസ് സംബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനലും ചില ഓണ്‍ലൈന്‍ ചാനലുകളും വ്യാജമായതും ആക്ഷേപകരവുമായ വാര്‍ത്തകള്‍ പ്രചരപ്പിക്കുന്നതായും എം എസ് മാത്യുവിന്റെ പരാതിയിലുണ്ട്. ചികിത്സയ്ക്കായി തനിയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജോളി ജോസഫ് ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ കേസില്‍ വിചാരണ മാറ്റിവച്ചിരുന്നു.

2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം വീട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററി 2023 ഡിസംബര്‍ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട പൊലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഡോക്യുമെന്റിയുടെ ഭാഗമായിട്ടുണ്ട്. വിചാരണ നടന്നുകൊണ്ടിരിക്കെ കേസിലെ ദൃക്‌സാക്ഷികളെയും കേസന്വേഷിച്ച ഉദ്യോഗസ്ഥരെയും നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഫോറന്‍സിക് വിഭാഗം ആശങ്കയറിയിച്ചിരുന്നു.

Top